Saturday, April 7, 2012

രണ്ട് മൌനങ്ങള്‍

രണ്ട് മൌനങ്ങള്‍
ഒരു ഇലയുടെ ഞരമ്പുപോലെ കൂടിപ്പിണഞ്ഞു
ജീര്‍ണ്ണതയുടെ ഗന്ധവും
ചിലപ്പോള്‍ നനവും

രണ്ട് മൌനങ്ങള്‍
തരം കിട്ടുമ്പോഴൊക്കെ
അവ ചേര്‍ന്ന് ചുവന്ന പട്ടം പറപ്പിക്കുകയും
ചില നിശബ്ദതയില്‍
അവര്‍ക്ക് രമിക്കാനുള്ള
ആറടി മണ്ണിനു ചുറ്റും
ഉള്ളിചെടികള്‍ നടുകയും
നിരാസത്തിന്റെ കയ്പ്പില്‍
ചുവന്ന ചെടിയില്‍ വെളുപ്പ്‌ പൂക്കുന്നതും
വെളുപ്പില്‍ ചുവപ്പ് പൂക്കുന്നതും
നോക്കി നില്‍ക്കുകയും ചെയ്യും

രണ്ട് മൌനങ്ങള്‍
തങ്ങളിലെ ഇടവേളകളില്‍
ഒന്ന് മറ്റൊനിനെ
ഞണ്ടുകള്‍ ഇറുക്കുന്ന തീരത്തില്‍
ഒരിക്കലും വെറുക്കപ്പെടാത്ത ജീവന്റെ മോള്‍ഡ്കളാക്കി
തീരങ്ങളില്‍ വിതറുകയും
തിരയിലെ ഇല്ലാത്ത മീനുകള്‍ക്ക് കൊത്തികളിക്കാന്‍ വിടുകയും ചെയ്തു
ഈ രണ്ടു മൌനങ്ങളും ചിലപ്പോള്‍
ഒന്നുമില്ലായ്മയിലേക്ക് പെട്ടന്ന് വീഴുകയും
വെറും മൌനങ്ങളാണെന്നും
ഇഴചേര്‍ന്നു അപ്പോള്‍ പൊട്ടിവീണ
മിന്നലില്‍ തൂങ്ങി മരിക്കുകയും ചെയ്തു