Monday, November 12, 2012

റിവേര്‍സ്




പൊറുക്കുക നീ മനുജേ ;
നിന്‍ വിരലുകളീ -
കൃഷ്ണ ശിലയിലെന്‍
സൂക്ഷ്മ രൂപം കോറിയതും ,
നിന്‍ നിശ്വാസമെന്നില്‍ ജീവന്‍ നിറച്ചതും
നിന്‍ മിഴികളില്‍ നീരാടും പ്രണയം
സ്ഫുലിംഗമായ് എന്‍ ഇമകളില്‍ നിറഞ്ഞതും

  പൊറുക്കുക നീ-
ഉദാസീനന്‍ ഞാന്‍ നാളിതുവരെ
വിറയ്ക്കുന്ന നിന്‍ വിരല്‍ തുമ്പിനാല്‍
കുറുകുന്നൊരു ഇണപ്പക്ഷിയായ് !

കൃഷ്ണമേഘമേ പൊഴിയുക
നീയീ പ്രണയത്തിന്‍ ഉള്‍ക്കടലില്‍ -
ചൊരിയുക , നിന്നിലെ നീഹാര വര്‍ഷങ്ങള്‍
ചുഴിയായ്‌ , ചുരുളായ് അലകളുലയട്ടെ
നുരഞ്ഞു പതയട്ടെ സ്നേഹത്തിന്‍ സ്പന്ദനം
 

മനുജേ , പൊറുക്കുക നീ -
ഇരുളില്ല നിഴലില്ല
നിന്നിലെക്കെന്നെ നീ -
ഹൃദയത്തില്‍ നിറച്ചതല്ലേ
പലവട്ടം തുളുമ്പി ഒഴുക്കിയില്ലേ
അറിയാതെ പറയാതെ
വാക്കുകളൊഴുക്കാതെ
നേര്‍ത്ത രാവുപോല്‍
സ്വകാര്യം നിറച്ചു ,
പരസ്പരം മൌനത്തിന്‍
കരിമ്പടം പുതച്ചു നാം
സ്നിഗ്ദ്ധമാം തലോടലില്‍ ഉള്ളം വിറച്ചും 


               ഒടുവില്‍ ......!!!!!!!
സ്നേഹിച്ചു സ്നേഹിച്ചു നീ -
വെറുപ്പാല്‍ വിസ്സര്‍ജിച്ച
  - നിന്‍ -
  പ്രണയം
തിരസ്കൃതന്‍ ഞാന്‍ എങ്കിലും -
 പൊറുക്കുക നീ മനുജേ
നിന്നിലെയീ കരിനീലിച്ച പ്രണയത്തെ
ഒരിക്കല്‍ ശിലയായിരുന്നെന്നെയും .
    പൊറുക്കുക ;
അത്രമേല്‍ ഉദാസീനന്‍ ഞാന്‍ .




കറുത്ത നിറമുള്ള പൂവുണ്ടായിരുന്നെങ്കി-
ലെന്നുറക്കെ ചിന്തിച്ചിരുന്നുപോയ്‌ ഞാ -
നെങ്കിലതെടുത്തു കൊടുത്തേനേ-
യിക്കരള്‍ പുകയ്ക്കുന്ന നെടുവീര്‍പ്പിനായ്‌ .


  അലസമതീവേകാന്തം നിശബ്ദം നിത്യജീവിതമൊ-
  ത്തകലങ്ങളിലേക്കു തുഴയുവാന്‍ കൂടെ -
  വരവതിനാരും തുനിയെണ്ടതോര്‍ക്കിലും,
  മതിയെനിക്കിനീയീ യര്‍ദ്ധനിദ്ര !


തരിശ്ശിടുന്നു കാലവും ,ശുഷ്കം നിര്‍ജീവമക്ഷരം-
പഴുതുകളതുമേതും പടംപോഴിച്ചെറിഞ്ഞാ-
ലസ്യ നിദ്ര വിട്ടുണരുവാന്‍ അത്രമേ
ലുചിതമവശ്യമോരടിയന്തിര പ്രണയം .

Monday, August 6, 2012

ഇടവേളകള്‍ നിസ്സംഗമാകുമ്പോള്‍

തീര്‍ത്തും പരിചിതരല്ലതായി തീര്‍ന്നിരിക്കുന്ന രണ്ടു പേര്‍
അപരിചിതര്‍  ആകുന്നതിനു  മുന്‍പ് ,
വാക്കുകള്‍ നഷ്ടപ്പെട്ടവര്‍ ,
മൌനങ്ങളില്‍ മൂടിപ്പൊതിഞ്ഞു....
      ഇടവേളകളില്‍
 നീ എവിടെ നീ എവിടെ എന്ന് അലമുറ ഇടുമായിരുന്നു
കൊടുംകാറ്റു ഉയര്‍ത്തുന്ന നിശ്വാസങ്ങള്‍
 നിശ്വാസത്തിന്റെ  ഒരു പാലം
കടന്നും കയറിയും നൂണ്ടും നുഴഞ്ഞും
ചൂടാറുന്നവരെ ,
ആ രണ്ടുപേര്‍
നീയെന്നോ ഞാനെന്നോ എനിക്കെന്നോ നിനക്കെന്നോ ;
പറയപ്പെടുമ്പോള്‍ ...
അങ്ങനെ ,
നമ്മള്‍ ...
ഇടയ്ക്കു അവര്‍ക്ക്  വല്ലാതെ നോവും  ,
 ഏറ്റെടുക്കപ്പെടുന്ന നോവുകള്‍
  കണ്തടങ്ങളില്‍  ചാലുകള്‍  കീറിയും ,
രാവിനെ ഭ്രാന്തമായി ശപിച്ചും !
പുനര്‍ജനിക്കാതെ ശബ്ദങ്ങള്‍  തൊണ്ടയില്‍ വീണടയും
ഉറവുകളുടെ, നിനവുകളുടെ കാണാക്കയത്തിലേക്ക് അമരും
    ഞാനപ്പോള്‍
ഞാനപ്പോള്‍ നിഴലുകളുടെ തീരത്തിരുന്നു
രാശലഭങ്ങളുടെ അരിഞ്ഞ ചിറകുകള്‍ എണ്ണുകയാവും
ഇനി  ...!!!
വേനലുകള്‍ അടര്‍ത്തി എറിയുന്ന
വിളറിയ പകലുകളില്‍
നിരാശകള്‍ വളര്‍ത്തുവാന്‍ വിടും
വളര്‍ന്നു വളര്‍ന്നു അതൊരു തീ തുപ്പുന്ന മല ആകും
ഒരു നാള്‍ ഒരേ ഒരുനാള്‍
നീ ഞാനാകുന്ന ഏകാന്തതയില്‍ കടന്നു
ഇതാണെന്റെ അവസാനത്തെ അത്താഴം എന്ന് പറയും
ആറ്റി കുറുക്കിയ നിരാശ ഞാന്‍ നിനക്കായി വിളമ്പും
കനലില്‍ ചുട്ടെടുത്ത കരള്‍
വെറുപ്പിന്റെ വെളുത്ത പാത്രത്തില്‍ ,
നീക്കി എറിയും ,
എന്റെ തണുത്ത ശ്വാസങ്ങളെ ഞാന്‍ അടക്കും
വിരസതയുടെ കറുത്ത കറവ് മാടിനെ ഞാന്‍ നിനക്കായി ചുരത്തിപ്പിക്കും
നിശബ്ദതയുടെ ഹുക്ക വലിപ്പിച്ചു നിന്നെ ഉന്മത്തനാക്കും
വ്യഥകളും വിഷാദങ്ങളും അലസതയില്‍ ചുരുട്ടി നിന്റെ വായില്‍ വയ്ക്കും
എന്റെ കണ്ണുകള്‍ക്ക്‌ മീതേ നിസ്സംഗതയുടെ  ഒരു കുഞ്ഞനുറുമ്പിന്റെ നിഴല്‍ വിരിക്കും
വേണമെങ്കില്‍ ...
നിനക്ക് വേണമെങ്കില്‍ അടഞ്ഞ വാതില്‍ തുറന്നു പുറത്തേക്കു പോകാം
നീലിച്ച ജഡങ്ങളുടെ താഴ്വാരത്തിലേക്ക്......

Sunday, June 3, 2012

കാഴ്ചയുടെ കാതം

             
 
വിദൂരങ്ങളിലെ നാലു കണ്ണുകള്‍
ഒരു ബിന്ദുവില്‍കേന്ദ്രീകരിക്കപ്പെ
ടുന്ന കാഴ്ചകള്‍
      ഏകം ...
സഹ്യാ  ,നിനക്കറിയുമോ?
എന്റെ എഴുത്തുപുരയിലെ അക്ഷരക്കുഞ്ഞുങ്ങള്‍
എല്ലാം കൊഴിഞ്ഞു പോക്കിലാണ്‌
കേള്‍വിയുടെ തലത്തില്‍ നീ വ്യപാരിക്കുമ്പോള്‍
പറച്ചിലിന്റെ തീവണ്ടിവേഗം
'ടോര്‍ണാടോ'യ്ക്ക് ശേഷം
പെരുമണ്‍ പാലത്തിലൂടെ ഉള്ള പോക്കുപോലെ
അലസവും മന്ദവും ....
ഹിമാ , നീ കാണുന്നുണ്ടോ ?
എന്റെ വിരലുകള്‍ പ്രസവിക്കുന്നത് ,
വികൃതക്കുട്ടികളെ ആണ് .
അക്ഷരങ്ങള്‍ ചതിച്ചികളാകുന്നു   ചിലപ്പോള്‍
ചൂണ്ടുവിരലാല്‍ നിന്റെ കുട്ടി വരപ്പിക്കുന്ന
കുഴിയാന ചിത്രം പോലെ എന്ന് നീ അപ്പോള്‍ ..
വാക്കുകള്‍ ഉണ്ടാക്കിയ ഭാവം                                                                                                                                         -നിസ്സാരത-


 സയനോര , നോക്കൂ
നീ ഇങ്ങനെ അലറിപ്പാടാതെ,,
     കേള്‍ക്കൂ ,
എനിക്ക് പറയാനുള്ളത് ഇതൊന്നുമല്ല ...

ഞാനൊരു അന്ധാളിപ്പിലാണ്,
എല്ലാം മറക്കുന്ന അന്ധാളിപ്പ് ...
രാവിലെ പടിയിറങ്ങി പ്പോകുന്ന -
പടിഞ്ഞാറ് ചെന്തീയ് വീശുമ്പോള്‍ തിരിച്ചു വരുന്ന -
     നിഴല്‍
നിശബ്ദത എടുത്തു പുതച്ചു ചുരുണ്ട് കൂടും
             ഇതിനിടയില്‍,,
ഇരുളിന്റെ നിര്‍വാണത്തില്‍
ഇനിയും മരിക്കപ്പെടാത്ത ആത്മാവ്
 തട്ടിയെറിയപ്പെട്ടു,
കട്ടില്‍ കാലില്‍ തൂങ്ങി മരിക്കും
         പലപ്പോഴും
അലയടിക്കുന്ന പ്രണയഗാനങ്ങളില്‍ വിരക്തി പൂണ്ടു
    അല്ലെങ്കില്‍
രണ്ടു രതിമൂര്‍ച്ഛ കള്‍ക്കിടയിലുള്ള ..
ആ ഒരു വിരസത ഉണ്ടല്ലോ
 അതാണെനിക്ക്-
പ്രണയം  മൂര്‍ദ്ധന്യത്തില്‍ എത്തുമ്പോള്‍ ഉള്ള  അവസ്ഥ ..
ഉണര്‍ച്ചയുടെ ഇത്തിരിവെട്ടത്തിലേക്ക്
പറച്ചിലുകളും കേള്‍വികളും കഴാചകളാകുന്നു

കൂനിക്കൂടി ക്കൂടി ഇരിക്കുന്ന അന്ധാളിപ്പില്‍ നിന്ന്
ഉണര്ച്ചയുടെ ഒരു ദൂരത്തിലേക്ക്
ഒരു യാത്രയും പേറിക്കൊണ്ട്
ഒരു വണ്ടി
ഞാന്‍
തെക്ക് എന്നാ സ്ഥിരം ക്ലീഷയിലെക്കല്ല
യാത്ര എന്നാ നാമത്തില്‍ നിന്നും യാത്ര എന്നാ ക്രിയയിലേക്ക്
പറച്ചിലുകളും കേള്‍വികളും
കാഴ്ചയുടെ ഒരു കാതം ..


Saturday, April 7, 2012

രണ്ട് മൌനങ്ങള്‍

രണ്ട് മൌനങ്ങള്‍
ഒരു ഇലയുടെ ഞരമ്പുപോലെ കൂടിപ്പിണഞ്ഞു
ജീര്‍ണ്ണതയുടെ ഗന്ധവും
ചിലപ്പോള്‍ നനവും

രണ്ട് മൌനങ്ങള്‍
തരം കിട്ടുമ്പോഴൊക്കെ
അവ ചേര്‍ന്ന് ചുവന്ന പട്ടം പറപ്പിക്കുകയും
ചില നിശബ്ദതയില്‍
അവര്‍ക്ക് രമിക്കാനുള്ള
ആറടി മണ്ണിനു ചുറ്റും
ഉള്ളിചെടികള്‍ നടുകയും
നിരാസത്തിന്റെ കയ്പ്പില്‍
ചുവന്ന ചെടിയില്‍ വെളുപ്പ്‌ പൂക്കുന്നതും
വെളുപ്പില്‍ ചുവപ്പ് പൂക്കുന്നതും
നോക്കി നില്‍ക്കുകയും ചെയ്യും

രണ്ട് മൌനങ്ങള്‍
തങ്ങളിലെ ഇടവേളകളില്‍
ഒന്ന് മറ്റൊനിനെ
ഞണ്ടുകള്‍ ഇറുക്കുന്ന തീരത്തില്‍
ഒരിക്കലും വെറുക്കപ്പെടാത്ത ജീവന്റെ മോള്‍ഡ്കളാക്കി
തീരങ്ങളില്‍ വിതറുകയും
തിരയിലെ ഇല്ലാത്ത മീനുകള്‍ക്ക് കൊത്തികളിക്കാന്‍ വിടുകയും ചെയ്തു
ഈ രണ്ടു മൌനങ്ങളും ചിലപ്പോള്‍
ഒന്നുമില്ലായ്മയിലേക്ക് പെട്ടന്ന് വീഴുകയും
വെറും മൌനങ്ങളാണെന്നും
ഇഴചേര്‍ന്നു അപ്പോള്‍ പൊട്ടിവീണ
മിന്നലില്‍ തൂങ്ങി മരിക്കുകയും ചെയ്തു



 

Saturday, March 31, 2012

ചില മൊസൈക് ചിത്രങ്ങള്‍ (1)

(പല കുഞ്ഞു കവിതകളുടെ ഒരു മൊസൈക് ചിത്രം ,കാച്ചിക്കുറുക്കിയ കഷായ വരികള്‍ , ഓരോന്നിനും ഓരോ അര്‍ഥങ്ങള്‍ ,ഓരോന്നിലും ഓരോ ചിന്തകള്‍ ..)

                      ************************************

നെഞ്ചിന്‍ കൂടിനുള്ളിലൊരു
 വിഷാദക്കിളി വിലപിച്ചു
എത്ര നാളായി  തനിച്ചുറങ്ങുന്നെന്നു



ഉച്ച്വാസ ചൂടില്‍
 ഉരുകി മയങ്ങുന്നൊരു 
സ്വേദ പരാഗം 
കവിളില്‍ 

ഇരട്ടവാതില്‍ കുത്തി തുറന്നു 
ഒരു സ്വപ്നം 
അതിരാവിലെ പടിയിറങ്ങിപ്പോയി 


കണ്ണീര്‍ കുളത്തില്‍
കമിഴ്ന്നു വീണു
മുങ്ങി ചാകുന്നൊരു
കണ്പീലി .


ചുംബനം കൊതിച്ച
അവളുടെ ചുണ്ടുകള്‍
മുത്തിയത്
അവന്‍ കണ്ണുകള്‍ കൊണ്ട് 


കണ്ണിന്റെ ബാല്‍ക്കണിയില്‍ നിന്ന്
തട്ടി ചിതറി വീണ
നീര്‍തുള്ളിക്ക്‌ പറയുവാനുള്ളത്
ഒരു റാഗിങ്ങ് കഥ .


അവന്റെ നിശ്വാസ ചൂടില്‍
 ആളിക്കത്തി
അവളിലെ പ്രണയക്കനല്‍


എഴുതി തേഞ്ഞ വാക്കുകള്‍
അടിച്ചു പരത്തി
വീണ്ടും പ്രണയത്തെ നിര്‍വചിക്കാന്‍
എനിക്കിപ്പോ മനസ്സില്ല 


അവസാനം ഒഴുകി ഇറങ്ങിയ
കണ്ണീര്‍ ചാലില്‍
മുലപ്പാലിന്റെ ഉണങ്ങിയ കയിപ്പ്‌ 


കണ്ണീര്‍ അരുവിയില്‍
കണ്മഷി കലക്കി
പിടപിടക്കുന്ന കണ്മീനിനെ പിടിക്കാന്‍
കണ്പീലി കൊണ്ട് ഒറ്റാല്‍..

Wednesday, March 7, 2012

മഴപ്പകല്‍

അന്ന് ഒരു  ഡിസംബര്‍ ആറിന്‌,
ഗുല്‍മോഹറിന്റെ വിളറിയ തണുപ്പില്‍
പ്രണയത്തെ നേരത്തേപുകച്ചു കെടുത്തി.      
ഇനി കുറച്ചു വിപ്ലവ തുപ്പല്‍ തെറിപ്പിക്കട്ടെ  -
അങ്ങനെ നടന്നു നടന്നു  ബാബറിമസ്ജിദും കടന്നു    ,
ഇംഗ്ലീഷ്‌ ഡിപ്പാര്‍ട്ട്മെന്റലേക്ക്
അവിടുത്തെ  ഇരുണ്ട മൂലയില്‍ വച്ച്
ഒരു ചുവന്ന  കൊടി കവിളില്‍ നാട്ടി
ഹിന്ദു മുസ്ലീം നിശ്വാസങ്ങള്‍ക്ക്
ഒരേ ചൂടും ഈര്‍പ്പവുമാണെന്ന്  തെളിയിക്കപ്പെട്ടു ..!

    വീണ്ടും ഡിസംബറിനു വേണ്ടി കാത്തു നിന്നില്ല
ഇടനാഴിയിലെ നിഴലുകള്‍ ഉന്മത്തരാവുകയും ,
ആസിഡ്‌ കുപ്പികള്‍ നിറഞ്ഞൊഴുകുകയും ,
ഡിസ്സക്ഷന്‍ ടേബിളില്‍ "സില്‍ക്ക്"തവളകള്‍ സെക്സിയായും മയങ്ങി .
കിഴക്ക് പാത്തുമ്മയുടെ ആട് പലവട്ടം കരഞ്ഞു
മരങ്ങള്‍ ,വിത്തുകള്‍ പൊഴിച്ച് കൊണ്ടും .
അഴുക്ക് ചാലില്‍ ഒഴുകുന്ന ബീജങ്ങള്‍,
ആരുടെയും ഉദരത്തിനായും  കാത്തില്ല .
കമലയുടെ കാല്പനികത തീണ്ടാത്ത ,
വിഭ്രമങ്ങള്‍ പുരളാത്ത ,
രതിയുടെ കഷായം മണക്കാത്ത,
ഇനിയും വയസ്സറിയിച്ചിട്ടില്ലാത്ത
ആ ഒരു കവിത ...
എന്നാണ് ...
   ... കാലമേറെയായ്‌...
 ഞാന്‍ കാത്തിരിക്കുന്നു ...!!!!