Monday, July 4, 2011

മിഴി നീര്‍

                                
                              അന്ന്,
                         മിഴികളറിയാതെ
                        ഉതിര്‍ന്നുവീഴുമെന്‍
                        കണ്ണുനീര്‍ തുള്ളികള്‍
                        പരിഭവമേതും
                        പറയാതെ
                        അറിയാതെ,
                        കവിളിണ തണുപ്പിച്ച്...
                         

                                       ഇന്ന്,
                        ഊറി കൂടും
                        മിഴിനീര്‍
                        ഉതിരാതെ
                        പീലി നനയ്ക്കാതെ
                        കണ്‍കോണുകളില്‍ 

                        തനിയെ 
                        പതം  പറഞ്ഞു
                        തലതല്ലി

                        കരഞ്ഞു തീര്‍ന്നു.

Tuesday, June 28, 2011

ത്രേസ്യ കൊച്ചിന്റെ ഉരുണ്ടു പോയ ഇന്ദിര ഭവനം

              
ആദ്യഗഡു തികച്ചു കണ്ടില്ല
   കണക്കു പറഞ്ഞു വന്നവര്‍ക്കൊക്കെ വീതം വച്ച് കൊടുത്തു
           ബാക്കീം കൊണ്ട്‌ വണ്ടി കേറി
    പറമ്പിലെ തടി വെട്ടാം കൂട്ടത്തില്‍ പേട്ടക്കൊരു ലോഡും കേറ്റിവിടാം


                          കല്ലുണ്ട് പൊട്ടിക്കണം
   ആറ്റീന്ന് മണല് രാത്രീല് വാരിക്കാം,

രണ്ടുകുപ്പി വാറ്റ്,കപ്പ കുഴച്ചതും മത്തിക്കറീം  
           രണ്ടാള്‍ക്ക്‌ ഇത്രമതി 
                            ഇനി  സിമെന്‍റ്റാണ്  ? 
മണ്ണ് വീടയാലോ ,കേള്‍ക്കാനൊരു 
                   ഗെറ്റപ്പ് ഇല്ലാത്തോണ്ട് ആ സെറ്റപ്പ് വേണ്ട -അങ്ങേരു .
                                കിട്ടിയ കാശു അരിപ്പാത്രത്തില്‍ 

               അങ്ങേരു കണ്ടാ പിന്നെന്നും കാല് നാലാകും
  അങ്ങേല് തറേം കെട്ടി
തലപ്പൊക്കോം  
 കെട്ടി ഞങ്ങ പോയി നിന്ന് ഫോട്ടോയും എടുത്തു 

            രണ്ടാം ഗഡുവും കിട്ടി  കൈ നീട്ടിയവനോക്കെ കൊടുത്തു 

            പിച്ച ചട്ടീല്‍ കയ്യിടുന്നവന്മാര്‍ ഫൂ ..
ഇതെല്ലം ചെന്ന് വീഴുന്നതോ
ഒന്നൊന്നര കിലോവീതം മാറുള്ള 
വാറ്റുകാരി ഉണ്ണി അമ്മേടെ ചെറ്റയില്‍  !! 

        അവക്കടെ ഒരു നെഗളിപ്പ് 
       കലക്കി കൊടുത്തു കിട്ടുന്നെ എല്ലാം 
       ആശൂത്രീല്‍  കൊടുക്കും ശവം .
അങ്ങേലെ പെരപണി  തീര്‍ന്നു ഫോട്ടോയും എടുത്തു, 

ഞങ്ങക്ക്  കിട്ടാനുള്ള ഗഡുക്കളെല്ലാം കിട്ടി 

                        അരിപ്പാത്രത്തില്‍ കാശിനു തുണ-
                       കൊച്ചിന്റെ ഇത്തിരി പൊന്ന്‌.
അരിക്കലത്തില്‍ വെള്ളോം വെച്ചില്ല 

അരിയെ തിന്നു  ചോറും ആയില്ല 

     അങ്ങേലെ കൊച്ചാട്ടന്റെ പശൂന് ഓസിനു കുണ്‌ക്കിട്ടും  കൊടുത്തു 

     നന്ദി ഇല്ലേലും വേണ്ടാരുന്നു നാഴി പഞ്ചാര ചോദിച്ചിട്ടില്ലാന്നു ..

                അങ്ങേല് കക്കൂസും കിട്ടി  ,മഴവെള്ള സംഭരണീം  


ഓലമേഞ്ഞതിന്റെ ഇടയില്‍ കൂടി നിലാവ് ധാരാളിത്തം കാണിച്ചപ്പോള്‍  
ഞങ്ങ എല്ലാരും എടുത്ത ഫോട്ടോകള്‍ ഓരോന്നായി നോക്കി ,
അവന്‍ മിടുക്കനാണ് ,ദാരിദ്ര്യം തോളെല്ലില്‍ നന്നായി തെളിയിച്ചു 


                   പെട്ടന്നാ മലവെള്ളം എമ്പാടും ആര്‍ത്തലച്ചു വന്നെ ,
                  അരിപ്പാത്രം അങ്ങേലോട്ടു ഉരുണ്ടു ഉരുണ്ടു പോണേ

                  ഒരു മിന്നായം പോലെ കണ്ടു 

                    പള്ളിപ്പറമ്പില്  മൂന്നു പുതു കുഴിയും വെട്ടി  
                   പള്ളിമുറ്റത്ത്  നെഞ്ചത്തടിക്ക്  റെസ്റ്റ്‌ കണ്ടപ്പോളാണ്,
                   അങ്ങേ വീട്ടില് "ആപേ " വാങ്ങിച്ചെന്നും

                   എളേ പെങ്കൊച്ചിന്റെ ഒറപ്പീരാരുന്നെന്നും,
                  'വെടിയന്‍ ബാബു' വെടിപൊട്ടിച്ചത് .
എടാ കൊച്ചനെ 'ഇ എം എസ്‌ 'പദ്ധതി ക്ക് ഫോം കൊടുക്കുമ്പോ എന്നെ കൂടെ ചേര്‍ക്കണേഡാ  . 

Saturday, June 18, 2011

നീ ഞാന്‍


 (പ്രണയം ,വാക്കുകള്‍ക്കതീതം .എത്ര പറഞ്ഞാലും തീരാത്തത്ര ,ചിലപ്പോള്‍ ഒരു മഴപെയ്യുന്ന,മഞ്ഞു പൊഴിയുന്നത്ര ഹൃദ്യം .ചിലപ്പോളൊക്കെ പ്രണയത്തിന്റെ ലോകത്തില്‍ പറക്കാത്തവരാരുണ്ട് .ഒരു സ്വപ്ന പ്രണയത്തിലാണ് ഞാനും ) 
 

മിഴികള്‍ താനെ തുറക്കില്ല
സ്വപ്‌നങ്ങള്‍ കൊഴിഞ്ഞു വീണെങ്കിലോ
മഴയില്‍ നിറഞ്ഞു മുഴുകില്ല
ആത്മാവ് തിരികെ വന്നില്ലെങ്കിലോ
മൊഴികള്‍ കനിവോടെ ഉതിരില്ല
നിനവുകള്‍ പാളിയെങ്കിലോ
വീശും കാറ്റില്‍ മയങ്ങില്ല
അത്രയും നേരമെന്‍ പ്രണയം,
വിസ്മൃതിയില്‍ അമരില്ലയോ
ഒരു തുള്ളി നീര്‍ അടരുകില്ല  എന്‍ -
കരിമഷി എഴുതിയ പ്രണയം പടരുമെങ്കില്‍ 
നിലാവില്‍ അലിഞ്ഞു തീരില്ല
നിന്റെ ലഹരിയില്‍ ഞാന്‍ മുഴുകണ്ടയോ
മൌനം ചിറകു വിടര്‍ത്തില്ല  
പ്രണയത്തിന്‍ തൂവല്‍ പൊഴിഞ്ഞെങ്കിലോ
കവിത ഏതും ചൊല്ലില്ല  
നമ്മുടെ  ജന്മം മതിയാകുകയില്ലെങ്കിലോ
ഉദയാസ്തമയങ്ങള്‍ കാണില്ല  
എന്നിലും നിന്നിലും  നീയും ഞാനുമില്ലയോ
തിരമാലകളാല്‍ തഴുകില്ല 
എന്നുള്ളം സാഗര  നീലിമ ആകില്ലയോ
നിന്‍ നെഞ്ചില്‍ ഞാന്‍ ചായില്ല
അവിടെ  ഞാന്‍ അലിഞ്ഞു തീരില്ലയോ
നിന്നെക്കുറി ച്ചോര്‍ക്കുംപോളെല്ലാം
മനസ്സ് വിതുമ്പി വിറയ്ക്കറില്ലേ     
ഒരു നിമിഷം മറവികള്‍ മൂടിയാല്‍
എന്‍ ഹൃദയം നിലച്ചിരിക്കണമപ്പോള്‍ 
പ്രണയം നിറപ്പിച്ചു പകര്‍ന്നൊഴുകാതെ .

Saturday, June 11, 2011

വെളുത്ത ഉടുപ്പിട്ട കറുത്ത മാലാഖകള്‍



എണ്ണയിട്ടു തിളങ്ങുന്ന മുടി,
രണ്ടായി പകുത്തു പിന്നിക്കെട്ടി,
മുല്ലപ്പൂ ചൂടി ചന്ദനം തൊട്ട എന്നെക്കണ്ട്
 "സുന്ദരിക്കുട്ടി"എന്ന് താടിക്ക്‌ പിടിച്ച്
അല്‍ഫോന്‍സ സിസ്റ്റര്‍ .
അന്ന് എന്റൊപ്പം കാക്കി കുപ്പായവും തൊപ്പിയും
വച്ച് അച്ഛന്‍ കൂട്ടിനുണ്ടായിരുന്നു.
ചുവന്ന ലൈറ്റ് വച്ച ജീപ്പില്‍
വന്നിറങ്ങുന്ന ദിവസം എന്നെ ചേര്‍ത്തു പിടിച്ച്
ഹുമലീന സിസ്റ്റര്‍ .

സ്വപ്നങ്ങളില്‍ വെള്ള ചിറകുള്ള മാലാഖമാര്‍,
കുരിശു വരക്കാനും  പഠിപ്പിച്ചു
പിന്നീട് എന്നോ, ആട്ടക്കാരീടെ വേഷം കെട്ടിയല്ല
പഠിക്കാന്‍ വരേണ്ടതെന്ന് പറഞ്ഞപ്പോള്‍-

അമ്പരന്ന രണ്ടു കുഞ്ഞിക്കണ്ണുകള്‍ ഉരുണ്ടു വീണു ..
ടിന്നിലടച്ച പൈനാപ്പിള്‍ കഷണങ്ങളില്‍-
ചുറ്റിനും കൂട്ടുകാരെ തന്ന വൈകുന്നേരങ്ങള്‍ 

പാറ്റ ഗുളിക മണക്കുന്ന തെരേസ സിസ്ടെരിനു   
മഞ്ഞ ഡാലിയയുടെ  കിഴങ്ങും ,
ലൈഫ് ബോയ്‌ സോപ്പ് മണമുള്ള ശോശാമ്മ ടീച്ചര്‍ക്ക്
ഒരു പൊതി കുടം പുളിയും 
കരയുന്ന കണ്ണും തത്തമ്മ മൂക്കും ഉള്ള മൈക്കിള്‍ സിസ്റ്റര്‍ ,
ആദേശ സന്ധിയേം ദിത്വ സന്ധിയേം
ലോപമുദ്രയുടെ കൈതണ്ടയിലിട്ടു അമ്മാനമാടി.  
ഫ്രണ്ട് ബഞ്ചിലിരുന്നു വെളുക്കനെ ചിരിക്കുന്ന
ഭദ്രാ കുറുപ്പിന്റെ ചിരിയില്‍ പരിഹാസം കണ്ടുപിടിച്ചത് 

പുതുതായി വന്ന റോസ്സമ്മ ടീച്ചര്‍ ആണ്.
[തിരുപ്പനില്‍ നിന്ന് ഊരി വീണ ഹെയര്‍ പിന്‍
ചിരിയോടെ എടുത്തു കൊടുത്തപ്പോള്‍ .}
പുസ്തകങ്ങളേക്കാള്‍  കൂടുതല്‍ രസീത് ബുക്കുമായി
വീട്ടിലേക്കു പോകുന്ന ഭദ്രാ ..
ടീച്ചേര്‍സ് റൂമില്‍ അവളുടെ ചിരിയില്‍
ഉത്തരക്കടലാസുകള്‍ വെട്ടിയും തിരുത്തിയും,
മാര്‍ക്കുകള്‍ ഒറ്റ അക്കത്തിലാക്കപ്പെട്ടു .  
കൂട്ടിന് അപ്പുറവും ഇപ്പുറവും ഓരോ വരകളും ,
ചുവന്ന  അടിവര കൂടുതലുള്ള  മാര്‍ക്ക്‌ ലിസ്റ്റ് തന്നപ്പോള്‍
പോളി സിസ്റ്റര്‍ടെ പല്ലിനു  മഞ്ഞ നിറം കൂടുതലായിരുന്നു 
ഭദ്രാ കുറുപ്പിന്റെ മാര്‍ക്കുകള്‍ ഭാമ തോമസിന്
പതിച്ചു നല്‍കിയ നശിച്ച മതേതരത്വം!!
തിരുത്തിയ മാര്‍ക്ക്‌ലിസ്റ്റ് കൊടുത്തപ്പോള്‍ 
കൊടിച്ചിപ്പട്ടിയുടെ മോന്ത ആയിരുന്നവര്‍ക്ക് .  
ഇന്നലെ കണ്ട  മനോരമ പത്രത്തില്‍ 

ചരമ വാര്‍ഷിക അനുസ്മരണ ഫോട്ടോയില്‍ 
പോളി സിസ്റ്റര്‍ടെ മഞ്ഞപ്പല്ല് വെളുത്തിരുന്നു . 
ഭദ്രയുടെ ചിരിക്ക് അപ്പോള്‍ ഭാവങ്ങള്‍ ഉണ്ടായിരുന്നില്ല .

Sunday, June 5, 2011

കുഞ്ഞുവിന്റെ ദുഃഖം


തലയ്ക്കല്‍ നിലവിളക്ക് കത്തിച്ചു തെക്കുവടക്ക്
നിരത്തി കിടത്തിയ അവരെ കണ്ടപ്പോള്‍  

                         ചുട്ട കശുവണ്ടി തൊണ്ട് തല്ലി പൊട്ടിച്ചു 
                         'കരിഞ്ഞതാണ് നീ തിന്നണ്ടാ'എന്ന് പറഞ്ഞു 
                         വായിലേക്കിടാന്‍ ഇനി ചേച്ചി പെണ്ണില്ലല്ലോ
                         എന്നായിരുന്നു മനസ്സില്‍;


കല്ല്‌ ഉള്ളില്‍ വച്ച് ഓലപ്പന്തുണ്ടാക്കി 
ഏറുപന്ത്  കളിയ്ക്കാന്‍ ഇനി അപ്പുപ്പനില്ലല്ലോ എന്നും.
                              കുഞ്ഞു ദുഖിച്ചു കൊണ്ടേ ഇരുന്നു..

Tuesday, May 31, 2011

നെഗറ്റീവ്


ചുണ്ട് ചുണ്ടോടു കോര്‍ക്കാന്‍ തുടങ്ങിയപ്പോള്‍
പൊഴിച്ചിട്ട പാമ്പിന്‍ പടം ഓര്‍മയില്‍ 


തിരയില്‍ നനഞ്ഞ മണ്ണില്‍
കൈകള്‍ കൂട്ടിപ്പിടിച്ചു
കൂടാരങ്ങള്‍                
മെനയുമ്പോള്‍ അങ്ങിങ്ങ്                                                                           
മുഴുമിപ്പിക്കാത്ത ആശയുമായി  

കുറെ ബ്രോയിലെര്‍  കണ്ണുകള്‍ 

പുകച്ചുരുളുകളും
ലഹരിയും നിറഞ്ഞ 
മങ്ങിയ വെളിച്ചത്തില്‍
സ്വയം മറന്നാടുമ്പോള്‍ 
 
ഭീതി നിറച്ച് ഏകാന്തത
തലകീഴായി തൂങ്ങുന്നു. 


നിശ്വാസങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍
ഓര്‍മയില്‍, കവിട്ടുന്ന അമ്മിഞ്ഞപ്പാല്‍


കണ്‍കോണുകളില്‍ ഉറഞ്ഞ നനവിനെ
സ്നേഹം  കൊണ്ട് ഒപ്പി എടുത്തപ്പോള്‍
സ്വപ്നത്തിന്റെ നിലയില്ലാക്കയം.


ഉദ്ധരിച്ച പ്രണയത്തെ  വരച്ചപ്പോള്‍
നടപ്പാതയുടെ അവസാനമുള്ള
ഒഴിഞ്ഞ ഇരിപ്പിടം ഓര്‍മയില്‍


മൌനത്തിന്റെ  വാല്‍മീകത്തിനു
മരണത്തിന്റെ തണുപ്പ്
ഓര്‍മയ്ക്ക് പുതിയ പുസ്തകത്തിന്റെ മണം
 


മരിച്ച നിഴല്‍,
ബലി ചോറിനു കാത്തിരിക്കുന്ന കാക്ക 

വ്യാക്കൂണ്‍ വിരക്തിയുടെ
ഓര്‍മകളുടെ തികട്ടല്‍
ചിറകു കരിഞ്ഞ മനസ്സിന്റെ
പനിച്ചൂടില്‍,
വൈഗയുടെ നിറചിരി .                                    

Sunday, May 29, 2011

വെറുതെ മനസ്സ് പറയുന്നത്


പെണ്ണിനെല്ലാം അറിയാമാരുന്നു,അമ്മ
പെണ്പള്ളിക്കൂടതിലല്ലേ പഠിച്ചത്,
നെഞ്ചിലെ തുടിപ്പുകള്‍ തഴയ്ക്കുന്നത്‌ കണ്ടിട്ടും
കണ്ണൊന്നു ചിമ്മി പോയതിന്റെ പരിഭവം.
അഴുക്കു പുരണ്ട തുണികള്‍ വാരി
അലക്കാന്‍ കൊണ്ടുപോകുമ്പോള്‍ 
കുസൃതി കണ്ണോടെ ജാനുയേച്ചി.
വീട്ടാരും  നാട്ടാരും ,
അവിടന്നും ഇവിടുന്നും -
തീണ്ടാരി ക്കല്യാണം ,നാലുകുളി-
നെയ്‌മണതോടൊപ്പം .
ജനലഴികളില്‍ കൂടി ചെക്കന്മാരുടെ കളി,
വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു
പ്രായമായ പെണ്ണ് ഉറക്കെ പാടിക്കൂടാ
വിലക്കുകളുടെ പ്രവാഹങ്ങള്‍ .
വണ്ടികളുടെ ഇരമ്പലില്‍ ,
വെറുതെ പറയുന്ന മനസ്സ് അലിഞ്ഞു തീര്‍ന്നു.
എഴുതിയിട്ടും തീരാത്ത ചോദ്യോത്തരങ്ങള്‍
വായിച്ചു തരുന്നതിനിടെ അവന്‍ മടിയോടെ;
നിനക്ക് ഇപ്പോള്‍  കാപ്പി പൂവിന്റെ  മണമാണെന്ന് ..!

Saturday, May 21, 2011

മറയ്ക്കുന്ന ഓര്‍മ്മകള്‍



ഒറ്റപ്പാളി ജനല്‍
ആട്ടം നില്‍ക്കാറായ ഊഞ്ഞാല്‍
നീളത്തില്‍ കുഴിഞ്ഞ മണ്ണ്
പുക മൂടിയ റാന്തല്‍
വാല്‍ മുറിഞ്ഞ ഗൌളി
കരിന്തിരി കത്തിയ നിലവിളക്ക്
ഈയലുകളുടെ നിമിഷ സ്വാതന്ത്ര്യം
കൊഴിഞ്ഞ മാമ്പൂ,കൂട്ടിനു-
കയ്ക്കുന്ന ‌ ഉണ്ണിമാങ്ങാ
ചുരുണ്ട തേരട്ട
ഇടവഴിയില്‍ കുറുകെ മഞ്ഞ ചേര
കുനുകുനെ കുശുമ്പു പറയും ഉറുമ്പ്‌ നിരകള്‍
തിരുവോണ തുമ്പ
പഴുത്തു ചുമന്ന തെച്ചിപ്പഴം 
ചിത്രകാരന്‍ കുഴിയാന
വിഷുക്കൈനീട്ടം-ഒറ്റനാണയം
ഇറയത്ത്‌ ഇറ്റുന്ന തൂവാനം
കടലാസു വഞ്ചികള്‍ 

ഒട്ടിച്ച തീപ്പെട്ടി പടങ്ങള്‍
ഉരുക്കുന്ന വെണ്ണ
ഉത്സവ പറമ്പിലെ ഈന്തപ്പഴം 

വിളറിയ കരിക്കട്ട ചിത്രങ്ങള്‍
പൊട്ടാസ്
കോല്‍ ഐസ്
വച്ചോ രാജ വയ്
മരച്ചീനി ഇല- മാല,
കോര്‍ത്ത ഇലഞ്ഞിപ്പൂ
കവര്ക്കുന്ന കായ ,
ഓല പ്പന്ത്......
ബാല്യം, വിസ്മയ വൈചിത്ര്യം,
ചിത്രം- അനന്തം അപൂര്‍ണം ...

Tuesday, May 17, 2011

ഇമേജ്

            
ആത്മാക്കളുടെ  ആസ്ഥാന ഇരുപ്പിടത്തില്‍ വച്ച്,
ഒരുള്‍വിളി ഉണ്ടായപ്പോളാണ് അവന്‍ അവിടേക്ക് ചെന്നത്
കണ്ടതും,പൊള്ളി കുടുന്ന ശരീരം കാട്ടി
അവള്‍ വാവിട്ടു നിലവിളിച്ചു
ഒരു സുന്ദര സ്വപ്നം പോലെ മനോഹരമായിരുന്ന-
അവളുടെ ശരീരം ,പോസ്ടുമോര്ട്ടെത്തിനു-
 കൊണ്ടുപോകാന്‍ വാരിക്കെട്ടിയപ്പോള്‍,
അടര്‍ന്നു തൂങ്ങുന്ന മാംസം  കണ്ട് അവന്‍ കണ്ണു പൊത്തി.
തുളുമ്പി നില്‍ക്കുന്ന  താരുണ്യം ഉരുകിയ തുണിക്കുള്ളില്‍
കാണാന്‍ തിരക്ക് കൂട്ടിയവരെ ദേഷ്യത്തോടെ
നോക്കിയ അവന്റെ കണ്ണു അവള്‍ പൊത്തി.
സ്വാര്‍ത്ഥത, തുറന്ന ലോകത്തിലും-ആത്മാവിനുമോ?
ജ്വലിക്കുന്ന കണ്ണുകളില്‍ നിന്ന് അവളുടെ  മനസ്സ് വായിച്ചിരുന്ന അവന്‍ ,
ഭൂതവും ഭാവിയും അവളുടെ തുറിച്ച  കണ്ണുകളില്‍ തിരഞ്ഞു.
ഏകാന്ത  പ്രണയത്തെ  കൂട്ടുപിടിച്ച് മൌനതിനെ
വാചാലമാക്കിയ നാളുകളില്‍, മനസുകള്‍ ഒന്നായപ്പോള്‍,
പിണങ്ങിയ ശരീരത്തിന്റെ തിരിച്ചുവരവില്‍
അവള്‍  തോരാതെ പെയ്തിരുന്നു .
കോര്‍ത്ത്‌ പിടിച്ച കൈവിരലുകളില്‍ നിന്ന്
ഭൌതികമായവ ഉരുകി ഒഴുക.
തീച്ചൂളയില്‍ നിന്ന് പട്ട് കെട്ടി പുറത്തു വരുന്നതിനു മുന്പ്
ഇമകള്‍ തുറന്നിട്ടേ ഉണ്ടായിരുന്നില്ല- അവരുടെ.
ഇനിയും നേര്‍ത്ത ജീവന്റെ അലകളുമായി
മറ്റൊരു തുരുത്തിലെക്കുള്ള പലായനം .

Sunday, May 15, 2011

ദു :സ്വപ്നം




ചിമ്മല്ലേ മിഴി ,
ഊറി ഉറയും നീരില്‍ 

മഴവില്ലിന്‍ ഏഴു വര്‍ണങ്ങള്‍
ചിമ്മല്ലേ കണ്ണ് ,
കാലങ്ങള്‍ ഇനിയും
ദൂരങ്ങള്‍ താണ്ടാന്‍

വൈകരുത് ...
 കളഞ്ഞിടാതെ കണ്ണുനീര്‍
വിറയ്ക്കല്ലേ ,
വിതുംബല്ലേ ചുണ്ടുകള്‍

ഏങ്ങീക്കരയല്ലേ 
തളര്‍ത്തല്ലേ ,ഇനിയും -
ച്ചുരത്തില്ലീ  വറ്റിയ മാതൃത്വം
നിന്നെ ക്കുറിച്ച്  ആയിരം സ്വപ്‌നങ്ങള്‍ .
നിറയട്ടെ സ്വപ്‌നങ്ങള്‍
തെറിപ്പിക്കൂ നീര്‍ക്കണങ്ങള്‍
പുഞ്ചിരി പൊഴിയട്ടെ ,മിഴിയില്‍ -
കിനാവുകള്‍ പെയ്യട്ടെ .
നിന്റെ ബാല്യവും കൌമാരവും-
  ആ ചുമരിനുള്ളില്‍  സുരക്ഷിതമാവണം !!
ഇരുളാണ് പുറത്തു 
നീണ്ട നഖങ്ങളും ,ചുവന്ന  കണ്ണുകളും..
നിന്നെ കാണണ്ടാ ..
നവോഡയായി  നീ പുറത്തു വരൂ ,
ഉറപ്പില്ലെനിക്ക് പെണ്ണെ
ഇരുളാണ് പുറത്ത് 

തുളുമ്പാതെ തുളുമ്പിയ -
കണ്ണ് കാട്ടി നീ നല്‍കിയ
യാത്രാമൊഴി ,
തരിശ്ശാണ് ഞാനിന്നു ,
വെറുക്കല്ലേ നീയെന്റെ
ഒഴിഞ്ഞ ഉദരത്തെ .
കുഞ്ഞേ നിന്നെ ക്കുറിച്ചു -
ഞങ്ങള്‍ക്കയിരം സ്വപ്‌നങ്ങള്‍.

ഓടോപ്സി

 ഞാന്‍ മൃതം
ഊഴമെത്തിയില്ല,
കാത്തിരിക്കുകയാണ്
തണുക്കുന്നുണ്ട് ,
ഒരു പച്ച വിരി മാത്രം മുകളില്‍
 കൂട്ടിനാരുമില്ല ആത്മാവും ;
മുലഞെട്ടുകള്‍ വിടര്ന്നിര്യ്ക്കുന്നു
യോനീ കവാടം തുറന്നുമിരിക്കുന്നു
വാക്കുകള്‍ മുഴുമിപ്പിക്കാതെ വായും ..
മടങ്ങി ഇരിക്കുന്നു കാലുകള്‍
നിവരാന്‍ പാടാണ്
ഊഴമെത്തി
വെട്ടി ക്കീറിയ നെഞ്ചിന്‍ കൂടും
കുഞ്ഞിക്കാല്‍ ചവിട്ടേണ്ടുന്ന ഉദരവും , 
തുന്നി ചേര്‍ക്കുമായിരിക്കും,
അവയവങ്ങളില്ലാതെ
തണുപ്പിനുള്ളിലേക്ക്  
എഴുന്നള്ളിപ്പ് തുടങ്ങാം
നാട്കാണലും നഗര പ്രദക്ഷിണവും
കഴിഞ്ഞിരിക്കുന്നു ,
ഓര്‍മകളുടെ അവസാന തുള്ളികള്‍,
വീഴില്ല മുഖത്തേക്ക്
ചാണക വറളിയില്‍ പുഴുങ്ങില്ല,
പൂഴിയില്‍  ശ്വാസം മുട്ടിക്കില്ല,
ജ്വലിക്കുന്ന ഫര്‍ണസ്സിലേക്ക് നിരങ്ങി ഇറങ്ങാം
നിമിഷങ്ങളില്‍ ഒരു പിടി ചാരം
ഹാ!,ഇതിനോ എനിക്ക് ജീവനും അന്നവും നല്‍കി 

എനിക്കെന്റെ സ്വപ്‌നങ്ങള്‍ വായിക്കുവാന്‍ കഴിയുന്നില്ല

എന്‍റെ സ്വപ്‌നങ്ങള്‍
എനിക്ക് സ്വന്തം
ഞാനത്  ചുമന്ന പേപ്പറില്‍,
കറുത്ത അക്ഷരത്തില്‍
എഴുതിയിരുന്നു.
ഒരു മെഴുകുതിരിവെട്ടത്തില്‍ ,
നിഴലുകള്‍ ചലിക്കുന്നത്‌,
ഉരുകിഇറങ്ങുന്ന മെഴുകു ചാലുകള്‍,
വരികള്‍  എന്‍റെ ചുണ്ടുകള്‍,
പറഞ്ഞു കൊണ്ടേ ഇരുന്നു.      
വ്യക്തമായിരുന്നു,
കണ്പോളകള്‍ തുറക്കുന്നിടം വരെ .
കണ്ണുകള്‍ തുറന്നു കഴിഞ്ഞാല്‍ ,
എനിക്കെന്റെ സ്വപ്നങ്ങള്‍ -
വായിക്കുവാന്‍ കഴിഞ്ഞിരുന്നില്ല 
എഴുതപ്പെട്ട കടലാസും
മെഴുകുതിരിയും നിഴലും 
ഒന്നും കാഴ്ചയിലില്ല
തുറന്ന പുസ്തകതാളില്‍
കുറെ വികൃതാക്ഷരങ്ങള്‍ മാത്രം

Saturday, May 14, 2011

ഇത് ഞാനും നീയും തമ്മിലുള്ള പ്രണയ സംവാദം

പ്രണയത്തിനു കണ്ണില്ലത്രേ
പ്രായ ഭേദമോ ജാതി മതമോ
ലിംഗ്ഗ  ഭേദമോ ഇല്ലത്രെ
എന്ന് നീ ..
ചുളിയുന്ന എന്റെ പുരികം നോക്കി നീ പറഞ്ഞു
കഥയില്‍ ചോദ്യമില്ലെന്നും
ദൈവത്തെ തൊട്ടു കളിക്കല്ലെന്നും
പ്രണയിക്കുന്നവരുടെ കണ്ണുകള്‍ തിളങ്ങുമെന്നും
ചുണ്ടുകളില്‍ എപ്പോഴും മന്ദഹാസം വിരിയുമെന്നും
കാണുന്നവര്‍ എല്ലാം പ്രണയി ആയി തോന്നുമെന്നും
മൌനം നോവാണെന്നും
പ്രണയം ദിവ്യമാണെന്നും
ഇടനെഞ്ചില്‍ നെടുവീര്‍പ്പുകള്‍ നിറയുമെന്നും
പ്രണയത്തെ പ്രണയിക്കണമെന്നും
കാണാതിരുന്നാല്‍ നെഞ്ചു വിങ്ങുമെന്നും
ഓര്‍മകള്‍ക്ക് മഴയുടെ കുളിരാണെന്നും
ഇതെല്ലം പറയപ്പെട്ടു കഴിഞ്ഞതെന്ന് ഞാന്‍
ഇവിടെ എനിക്കെന്താണ് പ്രണയം
മറക്കുവാന്‍ വേണ്ടി കൂടുതല്‍  ഓര്‍ക്കുക
പ്രണയം ആനന്ദമാണെന്നും
കീഴടങ്ങലിലൂടെ സ്വതന്ത്രമാവുമെന്നും
മനസ്സിനെ മാറ്റിമറിക്കാന്‍ കഴിയുമെന്നും
പ്രതിഫലം വേദനയാണെന്നും
ആത്മാവുകള്‍ തമ്മിലാണെന്നും
സ്വാതന്ത്ര്യമാണെന്നും
ഒരാലിന്ഗനത്തില്‍ പ്രണയത്തെ പകരണമെന്നും
ഒരു ചുടു നിശ്വാസത്തില്‍ അലിയണമെന്നും
ഹൃദയം ഹൃദയത്തോട് ചേരുമ്പോള്‍,
 അനന്തതയില്‍ എത്തുമെന്നും
ഓര്‍മ്മകള്‍ തെളിയുമ്പോള്‍,
നെഞ്ചിലൊരു മിന്നല്‍ പായുമെന്നും ഞാന്‍ ..
ഇതില്‍ എന്താണ് നിന്റെ പ്രണയം
അത് ഞാനാണെന്ന് നീ
ഇവിടെ എനിക്കെന്താണ് പ്രണയം
 എന്നോ മറന്ന എന്റെ പ്രണയം
ഓര്‍മ്മകള്‍ എല്ലാം ഒരു ചിതയൊരുക്കി
എരിച്ചു തീര്‍ത്തപ്പോള്‍ അറിയുന്നു ..
ആഴിയില്‍ അമരുന്നതെന്റെ പ്രാണനാണെന്ന്
ഒരു മഴതുള്ളി വീണാല്‍ പുനര്‍ജ്ജനി-
ക്കുമെന്‍ പ്രണയമാണെന്ന് .

ബൊമ്മക്കൊലു

ഒറ്റപ്പെട്ടവള്‍,
സ്വയം അനാഥ ..
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍,
ഒരു ചെറു ചലനത്താല്‍ മുങ്ങാം കുഴി ഇട്ടു -
ഞെട്ടിപ്പിടഞ്ഞു പരതുമ്പോള്‍
ഒന്ന് കൈവെള്ളയില്‍ ചുരുട്ടിപ്പിടിക്കാന്‍
കൂട്ടിനൊരു പിഞ്ചുവിരല്‍ കൂടി ഇല്ലാതിരുന്നവള്‍
നെഞ്ചിലെ ചെറുചൂടില്‍
പൂച്ചയുക്കം നടത്തുമ്പോള്‍ 
ഒരു നനുത്ത സ്വപ്നത്തില്‍
അറിയാതെ മുലഞ്ഞെട്ടില്‍
കുഞ്ഞരിപ്പല്ലിന്റെ പോറലേല്‍പ്പിച്ചവള്‍
ഇന്നാ അമൃതത്തിന് ചെന്നിനായകതിന്റെ ഓര്‍മ 
അമ്മയുടെ നെഞ്ചില്‍ നിന്ന് പഞ്ഞി മെത്തയുടെപതുപതുപ്പിലേക്ക്.
പുതപ്പിന്റെ നൂലിഴകളെ തഴുകി
ഉറക്കത്തെ കാത്തുകിടന്നവള്‍
നിഴലുകള്‍ കൂടി ചേര്‍ന്ന് ഉന്മതമായപ്പോള്‍
നിലവിളിയോടെ പിടഞ്ഞെഴുന്നെറ്റവള്‍  
പങ്കുവയ്ക്കപ്പെട്ട സ്നേഹം നിരസിക്കപ്പെട്ടവള്‍     
വിരല്‍ തുമ്പില്‍ പിടിച്ചു ഹൃദയത്തോട് സംസാരിക്കുന്നവള്‍
സ്നേഹത്തിന്റെ കുമിളയില്‍ കയറി ആകാശത്തോളം -
 ഉയരുമ്പോള്‍ പാതിവഴിയില്‍ തിരസ്കരിക്കപ്പെട്ടവള്‍
ഒരു ശൂന്യതയായ് അപൂര്‍ണമായ് അവസാനം
ഒഴിഞ്ഞ ഹൃദയവുമായി എല്ലായ്പ്പോഴും 
 സ്വപ്‌നങ്ങള്‍ കൂടൊഴിഞ്ഞ  കണ്ണുകളും 
വാക്കുകള്‍ നഷ്ടമായ മൌനങ്ങളും
നിരത്തി വച്ചിരിക്കുന്നു
കൂട്ടത്തില്‍ ,താനേ കുലുങ്ങുന്ന തലയും