Tuesday, June 28, 2011

ത്രേസ്യ കൊച്ചിന്റെ ഉരുണ്ടു പോയ ഇന്ദിര ഭവനം

              
ആദ്യഗഡു തികച്ചു കണ്ടില്ല
   കണക്കു പറഞ്ഞു വന്നവര്‍ക്കൊക്കെ വീതം വച്ച് കൊടുത്തു
           ബാക്കീം കൊണ്ട്‌ വണ്ടി കേറി
    പറമ്പിലെ തടി വെട്ടാം കൂട്ടത്തില്‍ പേട്ടക്കൊരു ലോഡും കേറ്റിവിടാം


                          കല്ലുണ്ട് പൊട്ടിക്കണം
   ആറ്റീന്ന് മണല് രാത്രീല് വാരിക്കാം,

രണ്ടുകുപ്പി വാറ്റ്,കപ്പ കുഴച്ചതും മത്തിക്കറീം  
           രണ്ടാള്‍ക്ക്‌ ഇത്രമതി 
                            ഇനി  സിമെന്‍റ്റാണ്  ? 
മണ്ണ് വീടയാലോ ,കേള്‍ക്കാനൊരു 
                   ഗെറ്റപ്പ് ഇല്ലാത്തോണ്ട് ആ സെറ്റപ്പ് വേണ്ട -അങ്ങേരു .
                                കിട്ടിയ കാശു അരിപ്പാത്രത്തില്‍ 

               അങ്ങേരു കണ്ടാ പിന്നെന്നും കാല് നാലാകും
  അങ്ങേല് തറേം കെട്ടി
തലപ്പൊക്കോം  
 കെട്ടി ഞങ്ങ പോയി നിന്ന് ഫോട്ടോയും എടുത്തു 

            രണ്ടാം ഗഡുവും കിട്ടി  കൈ നീട്ടിയവനോക്കെ കൊടുത്തു 

            പിച്ച ചട്ടീല്‍ കയ്യിടുന്നവന്മാര്‍ ഫൂ ..
ഇതെല്ലം ചെന്ന് വീഴുന്നതോ
ഒന്നൊന്നര കിലോവീതം മാറുള്ള 
വാറ്റുകാരി ഉണ്ണി അമ്മേടെ ചെറ്റയില്‍  !! 

        അവക്കടെ ഒരു നെഗളിപ്പ് 
       കലക്കി കൊടുത്തു കിട്ടുന്നെ എല്ലാം 
       ആശൂത്രീല്‍  കൊടുക്കും ശവം .
അങ്ങേലെ പെരപണി  തീര്‍ന്നു ഫോട്ടോയും എടുത്തു, 

ഞങ്ങക്ക്  കിട്ടാനുള്ള ഗഡുക്കളെല്ലാം കിട്ടി 

                        അരിപ്പാത്രത്തില്‍ കാശിനു തുണ-
                       കൊച്ചിന്റെ ഇത്തിരി പൊന്ന്‌.
അരിക്കലത്തില്‍ വെള്ളോം വെച്ചില്ല 

അരിയെ തിന്നു  ചോറും ആയില്ല 

     അങ്ങേലെ കൊച്ചാട്ടന്റെ പശൂന് ഓസിനു കുണ്‌ക്കിട്ടും  കൊടുത്തു 

     നന്ദി ഇല്ലേലും വേണ്ടാരുന്നു നാഴി പഞ്ചാര ചോദിച്ചിട്ടില്ലാന്നു ..

                അങ്ങേല് കക്കൂസും കിട്ടി  ,മഴവെള്ള സംഭരണീം  


ഓലമേഞ്ഞതിന്റെ ഇടയില്‍ കൂടി നിലാവ് ധാരാളിത്തം കാണിച്ചപ്പോള്‍  
ഞങ്ങ എല്ലാരും എടുത്ത ഫോട്ടോകള്‍ ഓരോന്നായി നോക്കി ,
അവന്‍ മിടുക്കനാണ് ,ദാരിദ്ര്യം തോളെല്ലില്‍ നന്നായി തെളിയിച്ചു 


                   പെട്ടന്നാ മലവെള്ളം എമ്പാടും ആര്‍ത്തലച്ചു വന്നെ ,
                  അരിപ്പാത്രം അങ്ങേലോട്ടു ഉരുണ്ടു ഉരുണ്ടു പോണേ

                  ഒരു മിന്നായം പോലെ കണ്ടു 

                    പള്ളിപ്പറമ്പില്  മൂന്നു പുതു കുഴിയും വെട്ടി  
                   പള്ളിമുറ്റത്ത്  നെഞ്ചത്തടിക്ക്  റെസ്റ്റ്‌ കണ്ടപ്പോളാണ്,
                   അങ്ങേ വീട്ടില് "ആപേ " വാങ്ങിച്ചെന്നും

                   എളേ പെങ്കൊച്ചിന്റെ ഒറപ്പീരാരുന്നെന്നും,
                  'വെടിയന്‍ ബാബു' വെടിപൊട്ടിച്ചത് .
എടാ കൊച്ചനെ 'ഇ എം എസ്‌ 'പദ്ധതി ക്ക് ഫോം കൊടുക്കുമ്പോ എന്നെ കൂടെ ചേര്‍ക്കണേഡാ  . 

Saturday, June 18, 2011

നീ ഞാന്‍


 (പ്രണയം ,വാക്കുകള്‍ക്കതീതം .എത്ര പറഞ്ഞാലും തീരാത്തത്ര ,ചിലപ്പോള്‍ ഒരു മഴപെയ്യുന്ന,മഞ്ഞു പൊഴിയുന്നത്ര ഹൃദ്യം .ചിലപ്പോളൊക്കെ പ്രണയത്തിന്റെ ലോകത്തില്‍ പറക്കാത്തവരാരുണ്ട് .ഒരു സ്വപ്ന പ്രണയത്തിലാണ് ഞാനും ) 
 

മിഴികള്‍ താനെ തുറക്കില്ല
സ്വപ്‌നങ്ങള്‍ കൊഴിഞ്ഞു വീണെങ്കിലോ
മഴയില്‍ നിറഞ്ഞു മുഴുകില്ല
ആത്മാവ് തിരികെ വന്നില്ലെങ്കിലോ
മൊഴികള്‍ കനിവോടെ ഉതിരില്ല
നിനവുകള്‍ പാളിയെങ്കിലോ
വീശും കാറ്റില്‍ മയങ്ങില്ല
അത്രയും നേരമെന്‍ പ്രണയം,
വിസ്മൃതിയില്‍ അമരില്ലയോ
ഒരു തുള്ളി നീര്‍ അടരുകില്ല  എന്‍ -
കരിമഷി എഴുതിയ പ്രണയം പടരുമെങ്കില്‍ 
നിലാവില്‍ അലിഞ്ഞു തീരില്ല
നിന്റെ ലഹരിയില്‍ ഞാന്‍ മുഴുകണ്ടയോ
മൌനം ചിറകു വിടര്‍ത്തില്ല  
പ്രണയത്തിന്‍ തൂവല്‍ പൊഴിഞ്ഞെങ്കിലോ
കവിത ഏതും ചൊല്ലില്ല  
നമ്മുടെ  ജന്മം മതിയാകുകയില്ലെങ്കിലോ
ഉദയാസ്തമയങ്ങള്‍ കാണില്ല  
എന്നിലും നിന്നിലും  നീയും ഞാനുമില്ലയോ
തിരമാലകളാല്‍ തഴുകില്ല 
എന്നുള്ളം സാഗര  നീലിമ ആകില്ലയോ
നിന്‍ നെഞ്ചില്‍ ഞാന്‍ ചായില്ല
അവിടെ  ഞാന്‍ അലിഞ്ഞു തീരില്ലയോ
നിന്നെക്കുറി ച്ചോര്‍ക്കുംപോളെല്ലാം
മനസ്സ് വിതുമ്പി വിറയ്ക്കറില്ലേ     
ഒരു നിമിഷം മറവികള്‍ മൂടിയാല്‍
എന്‍ ഹൃദയം നിലച്ചിരിക്കണമപ്പോള്‍ 
പ്രണയം നിറപ്പിച്ചു പകര്‍ന്നൊഴുകാതെ .

Saturday, June 11, 2011

വെളുത്ത ഉടുപ്പിട്ട കറുത്ത മാലാഖകള്‍



എണ്ണയിട്ടു തിളങ്ങുന്ന മുടി,
രണ്ടായി പകുത്തു പിന്നിക്കെട്ടി,
മുല്ലപ്പൂ ചൂടി ചന്ദനം തൊട്ട എന്നെക്കണ്ട്
 "സുന്ദരിക്കുട്ടി"എന്ന് താടിക്ക്‌ പിടിച്ച്
അല്‍ഫോന്‍സ സിസ്റ്റര്‍ .
അന്ന് എന്റൊപ്പം കാക്കി കുപ്പായവും തൊപ്പിയും
വച്ച് അച്ഛന്‍ കൂട്ടിനുണ്ടായിരുന്നു.
ചുവന്ന ലൈറ്റ് വച്ച ജീപ്പില്‍
വന്നിറങ്ങുന്ന ദിവസം എന്നെ ചേര്‍ത്തു പിടിച്ച്
ഹുമലീന സിസ്റ്റര്‍ .

സ്വപ്നങ്ങളില്‍ വെള്ള ചിറകുള്ള മാലാഖമാര്‍,
കുരിശു വരക്കാനും  പഠിപ്പിച്ചു
പിന്നീട് എന്നോ, ആട്ടക്കാരീടെ വേഷം കെട്ടിയല്ല
പഠിക്കാന്‍ വരേണ്ടതെന്ന് പറഞ്ഞപ്പോള്‍-

അമ്പരന്ന രണ്ടു കുഞ്ഞിക്കണ്ണുകള്‍ ഉരുണ്ടു വീണു ..
ടിന്നിലടച്ച പൈനാപ്പിള്‍ കഷണങ്ങളില്‍-
ചുറ്റിനും കൂട്ടുകാരെ തന്ന വൈകുന്നേരങ്ങള്‍ 

പാറ്റ ഗുളിക മണക്കുന്ന തെരേസ സിസ്ടെരിനു   
മഞ്ഞ ഡാലിയയുടെ  കിഴങ്ങും ,
ലൈഫ് ബോയ്‌ സോപ്പ് മണമുള്ള ശോശാമ്മ ടീച്ചര്‍ക്ക്
ഒരു പൊതി കുടം പുളിയും 
കരയുന്ന കണ്ണും തത്തമ്മ മൂക്കും ഉള്ള മൈക്കിള്‍ സിസ്റ്റര്‍ ,
ആദേശ സന്ധിയേം ദിത്വ സന്ധിയേം
ലോപമുദ്രയുടെ കൈതണ്ടയിലിട്ടു അമ്മാനമാടി.  
ഫ്രണ്ട് ബഞ്ചിലിരുന്നു വെളുക്കനെ ചിരിക്കുന്ന
ഭദ്രാ കുറുപ്പിന്റെ ചിരിയില്‍ പരിഹാസം കണ്ടുപിടിച്ചത് 

പുതുതായി വന്ന റോസ്സമ്മ ടീച്ചര്‍ ആണ്.
[തിരുപ്പനില്‍ നിന്ന് ഊരി വീണ ഹെയര്‍ പിന്‍
ചിരിയോടെ എടുത്തു കൊടുത്തപ്പോള്‍ .}
പുസ്തകങ്ങളേക്കാള്‍  കൂടുതല്‍ രസീത് ബുക്കുമായി
വീട്ടിലേക്കു പോകുന്ന ഭദ്രാ ..
ടീച്ചേര്‍സ് റൂമില്‍ അവളുടെ ചിരിയില്‍
ഉത്തരക്കടലാസുകള്‍ വെട്ടിയും തിരുത്തിയും,
മാര്‍ക്കുകള്‍ ഒറ്റ അക്കത്തിലാക്കപ്പെട്ടു .  
കൂട്ടിന് അപ്പുറവും ഇപ്പുറവും ഓരോ വരകളും ,
ചുവന്ന  അടിവര കൂടുതലുള്ള  മാര്‍ക്ക്‌ ലിസ്റ്റ് തന്നപ്പോള്‍
പോളി സിസ്റ്റര്‍ടെ പല്ലിനു  മഞ്ഞ നിറം കൂടുതലായിരുന്നു 
ഭദ്രാ കുറുപ്പിന്റെ മാര്‍ക്കുകള്‍ ഭാമ തോമസിന്
പതിച്ചു നല്‍കിയ നശിച്ച മതേതരത്വം!!
തിരുത്തിയ മാര്‍ക്ക്‌ലിസ്റ്റ് കൊടുത്തപ്പോള്‍ 
കൊടിച്ചിപ്പട്ടിയുടെ മോന്ത ആയിരുന്നവര്‍ക്ക് .  
ഇന്നലെ കണ്ട  മനോരമ പത്രത്തില്‍ 

ചരമ വാര്‍ഷിക അനുസ്മരണ ഫോട്ടോയില്‍ 
പോളി സിസ്റ്റര്‍ടെ മഞ്ഞപ്പല്ല് വെളുത്തിരുന്നു . 
ഭദ്രയുടെ ചിരിക്ക് അപ്പോള്‍ ഭാവങ്ങള്‍ ഉണ്ടായിരുന്നില്ല .

Sunday, June 5, 2011

കുഞ്ഞുവിന്റെ ദുഃഖം


തലയ്ക്കല്‍ നിലവിളക്ക് കത്തിച്ചു തെക്കുവടക്ക്
നിരത്തി കിടത്തിയ അവരെ കണ്ടപ്പോള്‍  

                         ചുട്ട കശുവണ്ടി തൊണ്ട് തല്ലി പൊട്ടിച്ചു 
                         'കരിഞ്ഞതാണ് നീ തിന്നണ്ടാ'എന്ന് പറഞ്ഞു 
                         വായിലേക്കിടാന്‍ ഇനി ചേച്ചി പെണ്ണില്ലല്ലോ
                         എന്നായിരുന്നു മനസ്സില്‍;


കല്ല്‌ ഉള്ളില്‍ വച്ച് ഓലപ്പന്തുണ്ടാക്കി 
ഏറുപന്ത്  കളിയ്ക്കാന്‍ ഇനി അപ്പുപ്പനില്ലല്ലോ എന്നും.
                              കുഞ്ഞു ദുഖിച്ചു കൊണ്ടേ ഇരുന്നു..