Monday, November 12, 2012

റിവേര്‍സ്




പൊറുക്കുക നീ മനുജേ ;
നിന്‍ വിരലുകളീ -
കൃഷ്ണ ശിലയിലെന്‍
സൂക്ഷ്മ രൂപം കോറിയതും ,
നിന്‍ നിശ്വാസമെന്നില്‍ ജീവന്‍ നിറച്ചതും
നിന്‍ മിഴികളില്‍ നീരാടും പ്രണയം
സ്ഫുലിംഗമായ് എന്‍ ഇമകളില്‍ നിറഞ്ഞതും

  പൊറുക്കുക നീ-
ഉദാസീനന്‍ ഞാന്‍ നാളിതുവരെ
വിറയ്ക്കുന്ന നിന്‍ വിരല്‍ തുമ്പിനാല്‍
കുറുകുന്നൊരു ഇണപ്പക്ഷിയായ് !

കൃഷ്ണമേഘമേ പൊഴിയുക
നീയീ പ്രണയത്തിന്‍ ഉള്‍ക്കടലില്‍ -
ചൊരിയുക , നിന്നിലെ നീഹാര വര്‍ഷങ്ങള്‍
ചുഴിയായ്‌ , ചുരുളായ് അലകളുലയട്ടെ
നുരഞ്ഞു പതയട്ടെ സ്നേഹത്തിന്‍ സ്പന്ദനം
 

മനുജേ , പൊറുക്കുക നീ -
ഇരുളില്ല നിഴലില്ല
നിന്നിലെക്കെന്നെ നീ -
ഹൃദയത്തില്‍ നിറച്ചതല്ലേ
പലവട്ടം തുളുമ്പി ഒഴുക്കിയില്ലേ
അറിയാതെ പറയാതെ
വാക്കുകളൊഴുക്കാതെ
നേര്‍ത്ത രാവുപോല്‍
സ്വകാര്യം നിറച്ചു ,
പരസ്പരം മൌനത്തിന്‍
കരിമ്പടം പുതച്ചു നാം
സ്നിഗ്ദ്ധമാം തലോടലില്‍ ഉള്ളം വിറച്ചും 


               ഒടുവില്‍ ......!!!!!!!
സ്നേഹിച്ചു സ്നേഹിച്ചു നീ -
വെറുപ്പാല്‍ വിസ്സര്‍ജിച്ച
  - നിന്‍ -
  പ്രണയം
തിരസ്കൃതന്‍ ഞാന്‍ എങ്കിലും -
 പൊറുക്കുക നീ മനുജേ
നിന്നിലെയീ കരിനീലിച്ച പ്രണയത്തെ
ഒരിക്കല്‍ ശിലയായിരുന്നെന്നെയും .
    പൊറുക്കുക ;
അത്രമേല്‍ ഉദാസീനന്‍ ഞാന്‍ .




കറുത്ത നിറമുള്ള പൂവുണ്ടായിരുന്നെങ്കി-
ലെന്നുറക്കെ ചിന്തിച്ചിരുന്നുപോയ്‌ ഞാ -
നെങ്കിലതെടുത്തു കൊടുത്തേനേ-
യിക്കരള്‍ പുകയ്ക്കുന്ന നെടുവീര്‍പ്പിനായ്‌ .


  അലസമതീവേകാന്തം നിശബ്ദം നിത്യജീവിതമൊ-
  ത്തകലങ്ങളിലേക്കു തുഴയുവാന്‍ കൂടെ -
  വരവതിനാരും തുനിയെണ്ടതോര്‍ക്കിലും,
  മതിയെനിക്കിനീയീ യര്‍ദ്ധനിദ്ര !


തരിശ്ശിടുന്നു കാലവും ,ശുഷ്കം നിര്‍ജീവമക്ഷരം-
പഴുതുകളതുമേതും പടംപോഴിച്ചെറിഞ്ഞാ-
ലസ്യ നിദ്ര വിട്ടുണരുവാന്‍ അത്രമേ
ലുചിതമവശ്യമോരടിയന്തിര പ്രണയം .