Monday, August 6, 2012

ഇടവേളകള്‍ നിസ്സംഗമാകുമ്പോള്‍

തീര്‍ത്തും പരിചിതരല്ലതായി തീര്‍ന്നിരിക്കുന്ന രണ്ടു പേര്‍
അപരിചിതര്‍  ആകുന്നതിനു  മുന്‍പ് ,
വാക്കുകള്‍ നഷ്ടപ്പെട്ടവര്‍ ,
മൌനങ്ങളില്‍ മൂടിപ്പൊതിഞ്ഞു....
      ഇടവേളകളില്‍
 നീ എവിടെ നീ എവിടെ എന്ന് അലമുറ ഇടുമായിരുന്നു
കൊടുംകാറ്റു ഉയര്‍ത്തുന്ന നിശ്വാസങ്ങള്‍
 നിശ്വാസത്തിന്റെ  ഒരു പാലം
കടന്നും കയറിയും നൂണ്ടും നുഴഞ്ഞും
ചൂടാറുന്നവരെ ,
ആ രണ്ടുപേര്‍
നീയെന്നോ ഞാനെന്നോ എനിക്കെന്നോ നിനക്കെന്നോ ;
പറയപ്പെടുമ്പോള്‍ ...
അങ്ങനെ ,
നമ്മള്‍ ...
ഇടയ്ക്കു അവര്‍ക്ക്  വല്ലാതെ നോവും  ,
 ഏറ്റെടുക്കപ്പെടുന്ന നോവുകള്‍
  കണ്തടങ്ങളില്‍  ചാലുകള്‍  കീറിയും ,
രാവിനെ ഭ്രാന്തമായി ശപിച്ചും !
പുനര്‍ജനിക്കാതെ ശബ്ദങ്ങള്‍  തൊണ്ടയില്‍ വീണടയും
ഉറവുകളുടെ, നിനവുകളുടെ കാണാക്കയത്തിലേക്ക് അമരും
    ഞാനപ്പോള്‍
ഞാനപ്പോള്‍ നിഴലുകളുടെ തീരത്തിരുന്നു
രാശലഭങ്ങളുടെ അരിഞ്ഞ ചിറകുകള്‍ എണ്ണുകയാവും
ഇനി  ...!!!
വേനലുകള്‍ അടര്‍ത്തി എറിയുന്ന
വിളറിയ പകലുകളില്‍
നിരാശകള്‍ വളര്‍ത്തുവാന്‍ വിടും
വളര്‍ന്നു വളര്‍ന്നു അതൊരു തീ തുപ്പുന്ന മല ആകും
ഒരു നാള്‍ ഒരേ ഒരുനാള്‍
നീ ഞാനാകുന്ന ഏകാന്തതയില്‍ കടന്നു
ഇതാണെന്റെ അവസാനത്തെ അത്താഴം എന്ന് പറയും
ആറ്റി കുറുക്കിയ നിരാശ ഞാന്‍ നിനക്കായി വിളമ്പും
കനലില്‍ ചുട്ടെടുത്ത കരള്‍
വെറുപ്പിന്റെ വെളുത്ത പാത്രത്തില്‍ ,
നീക്കി എറിയും ,
എന്റെ തണുത്ത ശ്വാസങ്ങളെ ഞാന്‍ അടക്കും
വിരസതയുടെ കറുത്ത കറവ് മാടിനെ ഞാന്‍ നിനക്കായി ചുരത്തിപ്പിക്കും
നിശബ്ദതയുടെ ഹുക്ക വലിപ്പിച്ചു നിന്നെ ഉന്മത്തനാക്കും
വ്യഥകളും വിഷാദങ്ങളും അലസതയില്‍ ചുരുട്ടി നിന്റെ വായില്‍ വയ്ക്കും
എന്റെ കണ്ണുകള്‍ക്ക്‌ മീതേ നിസ്സംഗതയുടെ  ഒരു കുഞ്ഞനുറുമ്പിന്റെ നിഴല്‍ വിരിക്കും
വേണമെങ്കില്‍ ...
നിനക്ക് വേണമെങ്കില്‍ അടഞ്ഞ വാതില്‍ തുറന്നു പുറത്തേക്കു പോകാം
നീലിച്ച ജഡങ്ങളുടെ താഴ്വാരത്തിലേക്ക്......

No comments: