Saturday, March 31, 2012

ചില മൊസൈക് ചിത്രങ്ങള്‍ (1)

(പല കുഞ്ഞു കവിതകളുടെ ഒരു മൊസൈക് ചിത്രം ,കാച്ചിക്കുറുക്കിയ കഷായ വരികള്‍ , ഓരോന്നിനും ഓരോ അര്‍ഥങ്ങള്‍ ,ഓരോന്നിലും ഓരോ ചിന്തകള്‍ ..)

                      ************************************

നെഞ്ചിന്‍ കൂടിനുള്ളിലൊരു
 വിഷാദക്കിളി വിലപിച്ചു
എത്ര നാളായി  തനിച്ചുറങ്ങുന്നെന്നു



ഉച്ച്വാസ ചൂടില്‍
 ഉരുകി മയങ്ങുന്നൊരു 
സ്വേദ പരാഗം 
കവിളില്‍ 

ഇരട്ടവാതില്‍ കുത്തി തുറന്നു 
ഒരു സ്വപ്നം 
അതിരാവിലെ പടിയിറങ്ങിപ്പോയി 


കണ്ണീര്‍ കുളത്തില്‍
കമിഴ്ന്നു വീണു
മുങ്ങി ചാകുന്നൊരു
കണ്പീലി .


ചുംബനം കൊതിച്ച
അവളുടെ ചുണ്ടുകള്‍
മുത്തിയത്
അവന്‍ കണ്ണുകള്‍ കൊണ്ട് 


കണ്ണിന്റെ ബാല്‍ക്കണിയില്‍ നിന്ന്
തട്ടി ചിതറി വീണ
നീര്‍തുള്ളിക്ക്‌ പറയുവാനുള്ളത്
ഒരു റാഗിങ്ങ് കഥ .


അവന്റെ നിശ്വാസ ചൂടില്‍
 ആളിക്കത്തി
അവളിലെ പ്രണയക്കനല്‍


എഴുതി തേഞ്ഞ വാക്കുകള്‍
അടിച്ചു പരത്തി
വീണ്ടും പ്രണയത്തെ നിര്‍വചിക്കാന്‍
എനിക്കിപ്പോ മനസ്സില്ല 


അവസാനം ഒഴുകി ഇറങ്ങിയ
കണ്ണീര്‍ ചാലില്‍
മുലപ്പാലിന്റെ ഉണങ്ങിയ കയിപ്പ്‌ 


കണ്ണീര്‍ അരുവിയില്‍
കണ്മഷി കലക്കി
പിടപിടക്കുന്ന കണ്മീനിനെ പിടിക്കാന്‍
കണ്പീലി കൊണ്ട് ഒറ്റാല്‍..

No comments: