Saturday, June 11, 2011

വെളുത്ത ഉടുപ്പിട്ട കറുത്ത മാലാഖകള്‍



എണ്ണയിട്ടു തിളങ്ങുന്ന മുടി,
രണ്ടായി പകുത്തു പിന്നിക്കെട്ടി,
മുല്ലപ്പൂ ചൂടി ചന്ദനം തൊട്ട എന്നെക്കണ്ട്
 "സുന്ദരിക്കുട്ടി"എന്ന് താടിക്ക്‌ പിടിച്ച്
അല്‍ഫോന്‍സ സിസ്റ്റര്‍ .
അന്ന് എന്റൊപ്പം കാക്കി കുപ്പായവും തൊപ്പിയും
വച്ച് അച്ഛന്‍ കൂട്ടിനുണ്ടായിരുന്നു.
ചുവന്ന ലൈറ്റ് വച്ച ജീപ്പില്‍
വന്നിറങ്ങുന്ന ദിവസം എന്നെ ചേര്‍ത്തു പിടിച്ച്
ഹുമലീന സിസ്റ്റര്‍ .

സ്വപ്നങ്ങളില്‍ വെള്ള ചിറകുള്ള മാലാഖമാര്‍,
കുരിശു വരക്കാനും  പഠിപ്പിച്ചു
പിന്നീട് എന്നോ, ആട്ടക്കാരീടെ വേഷം കെട്ടിയല്ല
പഠിക്കാന്‍ വരേണ്ടതെന്ന് പറഞ്ഞപ്പോള്‍-

അമ്പരന്ന രണ്ടു കുഞ്ഞിക്കണ്ണുകള്‍ ഉരുണ്ടു വീണു ..
ടിന്നിലടച്ച പൈനാപ്പിള്‍ കഷണങ്ങളില്‍-
ചുറ്റിനും കൂട്ടുകാരെ തന്ന വൈകുന്നേരങ്ങള്‍ 

പാറ്റ ഗുളിക മണക്കുന്ന തെരേസ സിസ്ടെരിനു   
മഞ്ഞ ഡാലിയയുടെ  കിഴങ്ങും ,
ലൈഫ് ബോയ്‌ സോപ്പ് മണമുള്ള ശോശാമ്മ ടീച്ചര്‍ക്ക്
ഒരു പൊതി കുടം പുളിയും 
കരയുന്ന കണ്ണും തത്തമ്മ മൂക്കും ഉള്ള മൈക്കിള്‍ സിസ്റ്റര്‍ ,
ആദേശ സന്ധിയേം ദിത്വ സന്ധിയേം
ലോപമുദ്രയുടെ കൈതണ്ടയിലിട്ടു അമ്മാനമാടി.  
ഫ്രണ്ട് ബഞ്ചിലിരുന്നു വെളുക്കനെ ചിരിക്കുന്ന
ഭദ്രാ കുറുപ്പിന്റെ ചിരിയില്‍ പരിഹാസം കണ്ടുപിടിച്ചത് 

പുതുതായി വന്ന റോസ്സമ്മ ടീച്ചര്‍ ആണ്.
[തിരുപ്പനില്‍ നിന്ന് ഊരി വീണ ഹെയര്‍ പിന്‍
ചിരിയോടെ എടുത്തു കൊടുത്തപ്പോള്‍ .}
പുസ്തകങ്ങളേക്കാള്‍  കൂടുതല്‍ രസീത് ബുക്കുമായി
വീട്ടിലേക്കു പോകുന്ന ഭദ്രാ ..
ടീച്ചേര്‍സ് റൂമില്‍ അവളുടെ ചിരിയില്‍
ഉത്തരക്കടലാസുകള്‍ വെട്ടിയും തിരുത്തിയും,
മാര്‍ക്കുകള്‍ ഒറ്റ അക്കത്തിലാക്കപ്പെട്ടു .  
കൂട്ടിന് അപ്പുറവും ഇപ്പുറവും ഓരോ വരകളും ,
ചുവന്ന  അടിവര കൂടുതലുള്ള  മാര്‍ക്ക്‌ ലിസ്റ്റ് തന്നപ്പോള്‍
പോളി സിസ്റ്റര്‍ടെ പല്ലിനു  മഞ്ഞ നിറം കൂടുതലായിരുന്നു 
ഭദ്രാ കുറുപ്പിന്റെ മാര്‍ക്കുകള്‍ ഭാമ തോമസിന്
പതിച്ചു നല്‍കിയ നശിച്ച മതേതരത്വം!!
തിരുത്തിയ മാര്‍ക്ക്‌ലിസ്റ്റ് കൊടുത്തപ്പോള്‍ 
കൊടിച്ചിപ്പട്ടിയുടെ മോന്ത ആയിരുന്നവര്‍ക്ക് .  
ഇന്നലെ കണ്ട  മനോരമ പത്രത്തില്‍ 

ചരമ വാര്‍ഷിക അനുസ്മരണ ഫോട്ടോയില്‍ 
പോളി സിസ്റ്റര്‍ടെ മഞ്ഞപ്പല്ല് വെളുത്തിരുന്നു . 
ഭദ്രയുടെ ചിരിക്ക് അപ്പോള്‍ ഭാവങ്ങള്‍ ഉണ്ടായിരുന്നില്ല .

No comments: