Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts

Sunday, June 3, 2012

കാഴ്ചയുടെ കാതം

             
 
വിദൂരങ്ങളിലെ നാലു കണ്ണുകള്‍
ഒരു ബിന്ദുവില്‍കേന്ദ്രീകരിക്കപ്പെ
ടുന്ന കാഴ്ചകള്‍
      ഏകം ...
സഹ്യാ  ,നിനക്കറിയുമോ?
എന്റെ എഴുത്തുപുരയിലെ അക്ഷരക്കുഞ്ഞുങ്ങള്‍
എല്ലാം കൊഴിഞ്ഞു പോക്കിലാണ്‌
കേള്‍വിയുടെ തലത്തില്‍ നീ വ്യപാരിക്കുമ്പോള്‍
പറച്ചിലിന്റെ തീവണ്ടിവേഗം
'ടോര്‍ണാടോ'യ്ക്ക് ശേഷം
പെരുമണ്‍ പാലത്തിലൂടെ ഉള്ള പോക്കുപോലെ
അലസവും മന്ദവും ....
ഹിമാ , നീ കാണുന്നുണ്ടോ ?
എന്റെ വിരലുകള്‍ പ്രസവിക്കുന്നത് ,
വികൃതക്കുട്ടികളെ ആണ് .
അക്ഷരങ്ങള്‍ ചതിച്ചികളാകുന്നു   ചിലപ്പോള്‍
ചൂണ്ടുവിരലാല്‍ നിന്റെ കുട്ടി വരപ്പിക്കുന്ന
കുഴിയാന ചിത്രം പോലെ എന്ന് നീ അപ്പോള്‍ ..
വാക്കുകള്‍ ഉണ്ടാക്കിയ ഭാവം                                                                                                                                         -നിസ്സാരത-


 സയനോര , നോക്കൂ
നീ ഇങ്ങനെ അലറിപ്പാടാതെ,,
     കേള്‍ക്കൂ ,
എനിക്ക് പറയാനുള്ളത് ഇതൊന്നുമല്ല ...

ഞാനൊരു അന്ധാളിപ്പിലാണ്,
എല്ലാം മറക്കുന്ന അന്ധാളിപ്പ് ...
രാവിലെ പടിയിറങ്ങി പ്പോകുന്ന -
പടിഞ്ഞാറ് ചെന്തീയ് വീശുമ്പോള്‍ തിരിച്ചു വരുന്ന -
     നിഴല്‍
നിശബ്ദത എടുത്തു പുതച്ചു ചുരുണ്ട് കൂടും
             ഇതിനിടയില്‍,,
ഇരുളിന്റെ നിര്‍വാണത്തില്‍
ഇനിയും മരിക്കപ്പെടാത്ത ആത്മാവ്
 തട്ടിയെറിയപ്പെട്ടു,
കട്ടില്‍ കാലില്‍ തൂങ്ങി മരിക്കും
         പലപ്പോഴും
അലയടിക്കുന്ന പ്രണയഗാനങ്ങളില്‍ വിരക്തി പൂണ്ടു
    അല്ലെങ്കില്‍
രണ്ടു രതിമൂര്‍ച്ഛ കള്‍ക്കിടയിലുള്ള ..
ആ ഒരു വിരസത ഉണ്ടല്ലോ
 അതാണെനിക്ക്-
പ്രണയം  മൂര്‍ദ്ധന്യത്തില്‍ എത്തുമ്പോള്‍ ഉള്ള  അവസ്ഥ ..
ഉണര്‍ച്ചയുടെ ഇത്തിരിവെട്ടത്തിലേക്ക്
പറച്ചിലുകളും കേള്‍വികളും കഴാചകളാകുന്നു

കൂനിക്കൂടി ക്കൂടി ഇരിക്കുന്ന അന്ധാളിപ്പില്‍ നിന്ന്
ഉണര്ച്ചയുടെ ഒരു ദൂരത്തിലേക്ക്
ഒരു യാത്രയും പേറിക്കൊണ്ട്
ഒരു വണ്ടി
ഞാന്‍
തെക്ക് എന്നാ സ്ഥിരം ക്ലീഷയിലെക്കല്ല
യാത്ര എന്നാ നാമത്തില്‍ നിന്നും യാത്ര എന്നാ ക്രിയയിലേക്ക്
പറച്ചിലുകളും കേള്‍വികളും
കാഴ്ചയുടെ ഒരു കാതം ..


Tuesday, May 17, 2011

ഇമേജ്

            
ആത്മാക്കളുടെ  ആസ്ഥാന ഇരുപ്പിടത്തില്‍ വച്ച്,
ഒരുള്‍വിളി ഉണ്ടായപ്പോളാണ് അവന്‍ അവിടേക്ക് ചെന്നത്
കണ്ടതും,പൊള്ളി കുടുന്ന ശരീരം കാട്ടി
അവള്‍ വാവിട്ടു നിലവിളിച്ചു
ഒരു സുന്ദര സ്വപ്നം പോലെ മനോഹരമായിരുന്ന-
അവളുടെ ശരീരം ,പോസ്ടുമോര്ട്ടെത്തിനു-
 കൊണ്ടുപോകാന്‍ വാരിക്കെട്ടിയപ്പോള്‍,
അടര്‍ന്നു തൂങ്ങുന്ന മാംസം  കണ്ട് അവന്‍ കണ്ണു പൊത്തി.
തുളുമ്പി നില്‍ക്കുന്ന  താരുണ്യം ഉരുകിയ തുണിക്കുള്ളില്‍
കാണാന്‍ തിരക്ക് കൂട്ടിയവരെ ദേഷ്യത്തോടെ
നോക്കിയ അവന്റെ കണ്ണു അവള്‍ പൊത്തി.
സ്വാര്‍ത്ഥത, തുറന്ന ലോകത്തിലും-ആത്മാവിനുമോ?
ജ്വലിക്കുന്ന കണ്ണുകളില്‍ നിന്ന് അവളുടെ  മനസ്സ് വായിച്ചിരുന്ന അവന്‍ ,
ഭൂതവും ഭാവിയും അവളുടെ തുറിച്ച  കണ്ണുകളില്‍ തിരഞ്ഞു.
ഏകാന്ത  പ്രണയത്തെ  കൂട്ടുപിടിച്ച് മൌനതിനെ
വാചാലമാക്കിയ നാളുകളില്‍, മനസുകള്‍ ഒന്നായപ്പോള്‍,
പിണങ്ങിയ ശരീരത്തിന്റെ തിരിച്ചുവരവില്‍
അവള്‍  തോരാതെ പെയ്തിരുന്നു .
കോര്‍ത്ത്‌ പിടിച്ച കൈവിരലുകളില്‍ നിന്ന്
ഭൌതികമായവ ഉരുകി ഒഴുക.
തീച്ചൂളയില്‍ നിന്ന് പട്ട് കെട്ടി പുറത്തു വരുന്നതിനു മുന്പ്
ഇമകള്‍ തുറന്നിട്ടേ ഉണ്ടായിരുന്നില്ല- അവരുടെ.
ഇനിയും നേര്‍ത്ത ജീവന്റെ അലകളുമായി
മറ്റൊരു തുരുത്തിലെക്കുള്ള പലായനം .

Sunday, May 15, 2011

ദു :സ്വപ്നം




ചിമ്മല്ലേ മിഴി ,
ഊറി ഉറയും നീരില്‍ 

മഴവില്ലിന്‍ ഏഴു വര്‍ണങ്ങള്‍
ചിമ്മല്ലേ കണ്ണ് ,
കാലങ്ങള്‍ ഇനിയും
ദൂരങ്ങള്‍ താണ്ടാന്‍

വൈകരുത് ...
 കളഞ്ഞിടാതെ കണ്ണുനീര്‍
വിറയ്ക്കല്ലേ ,
വിതുംബല്ലേ ചുണ്ടുകള്‍

ഏങ്ങീക്കരയല്ലേ 
തളര്‍ത്തല്ലേ ,ഇനിയും -
ച്ചുരത്തില്ലീ  വറ്റിയ മാതൃത്വം
നിന്നെ ക്കുറിച്ച്  ആയിരം സ്വപ്‌നങ്ങള്‍ .
നിറയട്ടെ സ്വപ്‌നങ്ങള്‍
തെറിപ്പിക്കൂ നീര്‍ക്കണങ്ങള്‍
പുഞ്ചിരി പൊഴിയട്ടെ ,മിഴിയില്‍ -
കിനാവുകള്‍ പെയ്യട്ടെ .
നിന്റെ ബാല്യവും കൌമാരവും-
  ആ ചുമരിനുള്ളില്‍  സുരക്ഷിതമാവണം !!
ഇരുളാണ് പുറത്തു 
നീണ്ട നഖങ്ങളും ,ചുവന്ന  കണ്ണുകളും..
നിന്നെ കാണണ്ടാ ..
നവോഡയായി  നീ പുറത്തു വരൂ ,
ഉറപ്പില്ലെനിക്ക് പെണ്ണെ
ഇരുളാണ് പുറത്ത് 

തുളുമ്പാതെ തുളുമ്പിയ -
കണ്ണ് കാട്ടി നീ നല്‍കിയ
യാത്രാമൊഴി ,
തരിശ്ശാണ് ഞാനിന്നു ,
വെറുക്കല്ലേ നീയെന്റെ
ഒഴിഞ്ഞ ഉദരത്തെ .
കുഞ്ഞേ നിന്നെ ക്കുറിച്ചു -
ഞങ്ങള്‍ക്കയിരം സ്വപ്‌നങ്ങള്‍.

ഓടോപ്സി

 ഞാന്‍ മൃതം
ഊഴമെത്തിയില്ല,
കാത്തിരിക്കുകയാണ്
തണുക്കുന്നുണ്ട് ,
ഒരു പച്ച വിരി മാത്രം മുകളില്‍
 കൂട്ടിനാരുമില്ല ആത്മാവും ;
മുലഞെട്ടുകള്‍ വിടര്ന്നിര്യ്ക്കുന്നു
യോനീ കവാടം തുറന്നുമിരിക്കുന്നു
വാക്കുകള്‍ മുഴുമിപ്പിക്കാതെ വായും ..
മടങ്ങി ഇരിക്കുന്നു കാലുകള്‍
നിവരാന്‍ പാടാണ്
ഊഴമെത്തി
വെട്ടി ക്കീറിയ നെഞ്ചിന്‍ കൂടും
കുഞ്ഞിക്കാല്‍ ചവിട്ടേണ്ടുന്ന ഉദരവും , 
തുന്നി ചേര്‍ക്കുമായിരിക്കും,
അവയവങ്ങളില്ലാതെ
തണുപ്പിനുള്ളിലേക്ക്  
എഴുന്നള്ളിപ്പ് തുടങ്ങാം
നാട്കാണലും നഗര പ്രദക്ഷിണവും
കഴിഞ്ഞിരിക്കുന്നു ,
ഓര്‍മകളുടെ അവസാന തുള്ളികള്‍,
വീഴില്ല മുഖത്തേക്ക്
ചാണക വറളിയില്‍ പുഴുങ്ങില്ല,
പൂഴിയില്‍  ശ്വാസം മുട്ടിക്കില്ല,
ജ്വലിക്കുന്ന ഫര്‍ണസ്സിലേക്ക് നിരങ്ങി ഇറങ്ങാം
നിമിഷങ്ങളില്‍ ഒരു പിടി ചാരം
ഹാ!,ഇതിനോ എനിക്ക് ജീവനും അന്നവും നല്‍കി 

എനിക്കെന്റെ സ്വപ്‌നങ്ങള്‍ വായിക്കുവാന്‍ കഴിയുന്നില്ല

എന്‍റെ സ്വപ്‌നങ്ങള്‍
എനിക്ക് സ്വന്തം
ഞാനത്  ചുമന്ന പേപ്പറില്‍,
കറുത്ത അക്ഷരത്തില്‍
എഴുതിയിരുന്നു.
ഒരു മെഴുകുതിരിവെട്ടത്തില്‍ ,
നിഴലുകള്‍ ചലിക്കുന്നത്‌,
ഉരുകിഇറങ്ങുന്ന മെഴുകു ചാലുകള്‍,
വരികള്‍  എന്‍റെ ചുണ്ടുകള്‍,
പറഞ്ഞു കൊണ്ടേ ഇരുന്നു.      
വ്യക്തമായിരുന്നു,
കണ്പോളകള്‍ തുറക്കുന്നിടം വരെ .
കണ്ണുകള്‍ തുറന്നു കഴിഞ്ഞാല്‍ ,
എനിക്കെന്റെ സ്വപ്നങ്ങള്‍ -
വായിക്കുവാന്‍ കഴിഞ്ഞിരുന്നില്ല 
എഴുതപ്പെട്ട കടലാസും
മെഴുകുതിരിയും നിഴലും 
ഒന്നും കാഴ്ചയിലില്ല
തുറന്ന പുസ്തകതാളില്‍
കുറെ വികൃതാക്ഷരങ്ങള്‍ മാത്രം

Saturday, May 14, 2011

ബൊമ്മക്കൊലു

ഒറ്റപ്പെട്ടവള്‍,
സ്വയം അനാഥ ..
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍,
ഒരു ചെറു ചലനത്താല്‍ മുങ്ങാം കുഴി ഇട്ടു -
ഞെട്ടിപ്പിടഞ്ഞു പരതുമ്പോള്‍
ഒന്ന് കൈവെള്ളയില്‍ ചുരുട്ടിപ്പിടിക്കാന്‍
കൂട്ടിനൊരു പിഞ്ചുവിരല്‍ കൂടി ഇല്ലാതിരുന്നവള്‍
നെഞ്ചിലെ ചെറുചൂടില്‍
പൂച്ചയുക്കം നടത്തുമ്പോള്‍ 
ഒരു നനുത്ത സ്വപ്നത്തില്‍
അറിയാതെ മുലഞ്ഞെട്ടില്‍
കുഞ്ഞരിപ്പല്ലിന്റെ പോറലേല്‍പ്പിച്ചവള്‍
ഇന്നാ അമൃതത്തിന് ചെന്നിനായകതിന്റെ ഓര്‍മ 
അമ്മയുടെ നെഞ്ചില്‍ നിന്ന് പഞ്ഞി മെത്തയുടെപതുപതുപ്പിലേക്ക്.
പുതപ്പിന്റെ നൂലിഴകളെ തഴുകി
ഉറക്കത്തെ കാത്തുകിടന്നവള്‍
നിഴലുകള്‍ കൂടി ചേര്‍ന്ന് ഉന്മതമായപ്പോള്‍
നിലവിളിയോടെ പിടഞ്ഞെഴുന്നെറ്റവള്‍  
പങ്കുവയ്ക്കപ്പെട്ട സ്നേഹം നിരസിക്കപ്പെട്ടവള്‍     
വിരല്‍ തുമ്പില്‍ പിടിച്ചു ഹൃദയത്തോട് സംസാരിക്കുന്നവള്‍
സ്നേഹത്തിന്റെ കുമിളയില്‍ കയറി ആകാശത്തോളം -
 ഉയരുമ്പോള്‍ പാതിവഴിയില്‍ തിരസ്കരിക്കപ്പെട്ടവള്‍
ഒരു ശൂന്യതയായ് അപൂര്‍ണമായ് അവസാനം
ഒഴിഞ്ഞ ഹൃദയവുമായി എല്ലായ്പ്പോഴും 
 സ്വപ്‌നങ്ങള്‍ കൂടൊഴിഞ്ഞ  കണ്ണുകളും 
വാക്കുകള്‍ നഷ്ടമായ മൌനങ്ങളും
നിരത്തി വച്ചിരിക്കുന്നു
കൂട്ടത്തില്‍ ,താനേ കുലുങ്ങുന്ന തലയും