Saturday, May 14, 2011

ഇത് ഞാനും നീയും തമ്മിലുള്ള പ്രണയ സംവാദം

പ്രണയത്തിനു കണ്ണില്ലത്രേ
പ്രായ ഭേദമോ ജാതി മതമോ
ലിംഗ്ഗ  ഭേദമോ ഇല്ലത്രെ
എന്ന് നീ ..
ചുളിയുന്ന എന്റെ പുരികം നോക്കി നീ പറഞ്ഞു
കഥയില്‍ ചോദ്യമില്ലെന്നും
ദൈവത്തെ തൊട്ടു കളിക്കല്ലെന്നും
പ്രണയിക്കുന്നവരുടെ കണ്ണുകള്‍ തിളങ്ങുമെന്നും
ചുണ്ടുകളില്‍ എപ്പോഴും മന്ദഹാസം വിരിയുമെന്നും
കാണുന്നവര്‍ എല്ലാം പ്രണയി ആയി തോന്നുമെന്നും
മൌനം നോവാണെന്നും
പ്രണയം ദിവ്യമാണെന്നും
ഇടനെഞ്ചില്‍ നെടുവീര്‍പ്പുകള്‍ നിറയുമെന്നും
പ്രണയത്തെ പ്രണയിക്കണമെന്നും
കാണാതിരുന്നാല്‍ നെഞ്ചു വിങ്ങുമെന്നും
ഓര്‍മകള്‍ക്ക് മഴയുടെ കുളിരാണെന്നും
ഇതെല്ലം പറയപ്പെട്ടു കഴിഞ്ഞതെന്ന് ഞാന്‍
ഇവിടെ എനിക്കെന്താണ് പ്രണയം
മറക്കുവാന്‍ വേണ്ടി കൂടുതല്‍  ഓര്‍ക്കുക
പ്രണയം ആനന്ദമാണെന്നും
കീഴടങ്ങലിലൂടെ സ്വതന്ത്രമാവുമെന്നും
മനസ്സിനെ മാറ്റിമറിക്കാന്‍ കഴിയുമെന്നും
പ്രതിഫലം വേദനയാണെന്നും
ആത്മാവുകള്‍ തമ്മിലാണെന്നും
സ്വാതന്ത്ര്യമാണെന്നും
ഒരാലിന്ഗനത്തില്‍ പ്രണയത്തെ പകരണമെന്നും
ഒരു ചുടു നിശ്വാസത്തില്‍ അലിയണമെന്നും
ഹൃദയം ഹൃദയത്തോട് ചേരുമ്പോള്‍,
 അനന്തതയില്‍ എത്തുമെന്നും
ഓര്‍മ്മകള്‍ തെളിയുമ്പോള്‍,
നെഞ്ചിലൊരു മിന്നല്‍ പായുമെന്നും ഞാന്‍ ..
ഇതില്‍ എന്താണ് നിന്റെ പ്രണയം
അത് ഞാനാണെന്ന് നീ
ഇവിടെ എനിക്കെന്താണ് പ്രണയം
 എന്നോ മറന്ന എന്റെ പ്രണയം
ഓര്‍മ്മകള്‍ എല്ലാം ഒരു ചിതയൊരുക്കി
എരിച്ചു തീര്‍ത്തപ്പോള്‍ അറിയുന്നു ..
ആഴിയില്‍ അമരുന്നതെന്റെ പ്രാണനാണെന്ന്
ഒരു മഴതുള്ളി വീണാല്‍ പുനര്‍ജ്ജനി-
ക്കുമെന്‍ പ്രണയമാണെന്ന് .

No comments: